News

പ്രഥമ കര്‍ദ്ദിനാളിന്റെ സ്മരണയില്‍ ദക്ഷിണ കൊറിയന്‍ ജനത

സ്വന്തം ലേഖകന്‍ 24-02-2019 - Sunday

സിയോള്‍: ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളും ആത്മീയ നേതാവുമായ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സൌ-ഹ്വാന്റെ പത്താം ചരമവാര്‍ഷികാചരണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 16-ന് മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ നടന്ന പത്താം ചരമവാര്‍ഷിക ഓര്‍മ്മയാചരണത്തില്‍ മൂവായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നിരവധി മെത്രാന്മാരും, പുരോഹിതരും സന്നിഹിതരായിരിന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ദക്ഷിണ കൊറിയയിലെ അപ്പസ്തോലിക പ്രതിനിധിയായ ആല്‍ഫ്രെഡ് സ്യൂരെബ് മെത്രാപ്പോലീത്തയും കൊറിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ മെത്രാപ്പോലീത്ത ഹിജിനസ് കിം ഹീ-ജുങ്ങും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള നേതാക്കന്മാരും ചടങ്ങില്‍ എത്തിയിരിന്നു. കലാ-കായിക, വിനോദ വകുപ്പ് വൈസ് മിനിസ്റ്ററായ കിം യോങ്ങ്-സാം ദക്ഷിണ കൊറിയന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ എഴുതിയ നല്‍കിയ പ്രസംഗം വായിച്ചു.

1968-98 കാലയളവില്‍ സിയോള്‍ രൂപതയിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്ന ബിഷപ്പ് കിമ്മിനെ 1969-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. സൈനീക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിന്റേതായ ഇരുണ്ട കാലഘട്ടങ്ങളില്‍ ദക്ഷിണ കൊറിയന്‍ സഭയെ നയിക്കുകയും, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും ചെയ്ത ആളായിരിന്നു അദ്ദേഹം. 1987-ല്‍ മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ വിദ്യാര്‍ത്ഥികളെ പിടികൂടുവാന്‍ എത്തിയ പോലീസിനോട് “വിദ്യാര്‍ത്ഥികളെ പിടിക്കണമെങ്കില്‍ നിങ്ങള്‍ക്കാദ്യം എന്നെ ഇല്ലാതാക്കണം” എന്ന്‍ തുറന്ന്‍ പറഞ്ഞു വിശ്വാസം പ്രഘോഷിച്ച ധീരനായ വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2009 ഫെബ്രുവരി 16-നാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം ഇഹലോക വാസം വെടിയുന്നത്. അന്നു നാലുലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.


Related Articles »