News - 2025
കത്തോലിക്ക മൊബൈല്‍ ആപ്പിന് ചൈനയില്‍ വിലക്ക്
സ്വന്തം ലേഖകന്‍ 26-02-2019 - Tuesday
ബെയ്ജിംഗ്: കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കുവാന്‍ സാധിക്കാത്ത ചൈനയിലെ കത്തോലിക്ക വിശ്വാസികളുടെ ഏക ആശ്രയമായിരുന്ന ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നിരോധനം. വിശുദ്ധ കുര്‍ബാന ശ്രവിക്കുന്നതിനും, വിശുദ്ധരുടെ ജീവതത്തെക്കുറിച്ച് പഠിക്കുന്നതിനും സഹായകമായിരുന്ന ഈ ആപ്ലിക്കേഷന്‍ നിരോധിക്കപ്പെട്ടതോടെ ചൈനയിലെ കത്തോലിക്കര്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്.
ബെയ്ജിംഗിലെ കാനാന്‍ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ് ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ എന്ന ആപ് നിര്‍മ്മിച്ചത്. വിശുദ്ധ കുര്‍ബാനയും, ബൈബിള്‍ വായനയും, പ്രഭാത പ്രാര്‍ത്ഥനകള്‍ക്കും പുറമേ, രാവിലെയും വൈകിട്ടും ക്ലാസ്സുകളും, വിശുദ്ധരുടെ ജീവചരിത്രവും ഈ ആപ്പിലൂടെ ലഭ്യമായിരുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികളായിരുന്നു ഈ ആപിനെ കൂടുതലായും ആശ്രയിച്ചിരുന്നത്. എല്ലാ ഞായറാഴ്ചകളിലും വത്തിക്കാന്‍ റേഡിയോയും വിശുദ്ധ കുര്‍ബാനയുടെ പ്രസക്ത ഭാഗങ്ങള്‍ ഈ ആപ്പിലൂടെ നല്‍കിയിരുന്നു.
ആപ്പിന് ബദലായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ പ്രസംഗങ്ങള്‍ ഉള്‍കൊള്ളിച്ച ‘സീ സ്റ്റഡി സ്ട്രോങ്ങ് നേഷന്‍’ എന്ന ആപ് ഉപയോഗിക്കുവാന്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ ഹെബേയി സംസ്ഥാനത്തിലെ ഫെന്‍ഗ്രുന്‍ മേഖലയില്‍ ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ ആപ് നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ലാഫാങ്ങ് നഗരത്തിലും ഇത് ആവര്‍ത്തിച്ചു.
ഇപ്പോള്‍ ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ തുറക്കുമ്പോള്‍ “നിങ്ങള്‍ നിയന്ത്രണങ്ങള്‍ മറികടന്നു” എന്ന സന്ദേശമാണ് വരുന്നതെന്ന് ഈ മേഖലകളിലെ വിശ്വാസികള്‍ പറയുന്നു. തങ്ങള്‍ മനപാഠമാക്കിയിരിക്കുന്ന വിശുദ്ധ കുര്‍ബാന ഭാഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിപ്പോഴുള്ള ഏക ആശ്രയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വത്തിക്കാനും ചൈനയും തമ്മില്‍ ഒരു പരസ്പരധാരണ ഉണ്ടാക്കിയെങ്കിലും, ചൈനയിലെ ക്രൈസ്തവ മതമമര്‍ദ്ദനം തുടരുകയാണ്. നിരവധി ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. പക്ഷേ കടുത്ത മതപീഡനത്തിനിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
