News - 2025
ഭ്രൂണഹത്യയെ പിന്തുണച്ച സെനറ്ററിന് വിശുദ്ധ കുർബാന നല്‍കില്ല: നിലപാട് ആവർത്തിച്ച് അമേരിക്കൻ ബിഷപ്പ്
സ്വന്തം ലേഖകന്‍ 27-02-2019 - Wednesday
സ്പ്രിങ്ഫീൽഡ്: മാരക തിന്മയായ.ഭ്രൂണഹത്യയെ പിന്തുണച്ച് വോട്ട് ചെയ്ത കത്തോലിക്ക സെനറ്റര്‍ക്ക് വിശുദ്ധ കുർബാന നൽകുകയില്ലായെന്ന് ആവർത്തിച്ച് വ്യക്തമാക്കി അമേരിക്കൻ ബിഷപ്പ്. അമേരിക്കയിലെ സ്പ്രിങ്ഫീൽഡ് ബിഷപ്പ് തോമസ് ജോൺ പാപ്പറോക്കിയാണ് ഫെബ്രുവരി പതിമൂന്നാം തീയതി ഇറക്കിയ കുറിപ്പിലൂടെ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച ഡിക്ക് ഡെർബിന് വിശുദ്ധ കുർബാന നൽകുകയില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 20 ആഴ്ചകൾ പിന്നിട്ട ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന് നിർദ്ദേശിക്കുന്ന ബിൽ ജനുവരി മാസം ഇരുപത്തി ഒൻപതാം തീയതിയാണ് അമേരിക്കൻ നിയമനിർമ്മാണസഭയിൽ വോട്ടിനിട്ടത്.
ബില്ല് പാസാകാൻ 60 വോട്ടുകൾ വേണ്ടിയിരുന്നു. എന്നാൽ 51 വോട്ടുകൾ മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. ഡെർബിൻ ഉൾപ്പെടെ 14 കത്തോലിക്കാ വിശ്വാസികളായ സെനറ്റർമാർ ബില്ലിന് എതിരെ വോട്ട് ചെയ്തു. ഡിക്ക് ഡെർബിൻ തുടർച്ചയായി ഭ്രൂണഹത്യയെ അനുകൂലിക്കുന്നതിലൂടെ പ്രത്യക്ഷത്തിൽതന്നെ മാരക പാപത്തിൽ കഴിയുകയാണെന്നും അതിനാൽ അദ്ദേഹത്തിന് വിശുദ്ധകുർബാന നൽകാൻ സാധിക്കുകയില്ലായെന്നും ബിഷപ്പ് പാപ്പറോക്കിയുടെ കുറിപ്പിൽ പറയുന്നു. 1996ലാണ് ഡെർബിൻ, അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ആദ്യകാലങ്ങളിൽ ഭ്രൂണഹത്യയെ എതിർത്തിരുന്ന അദ്ദേഹത്തിന്റെ ചിന്താഗതി പിന്നീട് ഭ്രൂണഹത്യക്ക് അനുകൂലമായി മാറുകയായിരുന്നു. അദ്ദേഹത്തിന് കുർബാന സ്വീകരിക്കുന്നതിൽ നിന്ന് വിലക്ക് കൽപ്പിച്ചത് ഒരു ശിക്ഷാനടപടി അല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ഹൃദയ പരിവർത്തനത്തിനു വേണ്ടിയുള്ള നടപടിയാണെന്നും ബിഷപ്പ് പാപ്പറോക്കി പറഞ്ഞു. മാനസാന്തരപ്പെട്ട് ഡിക്ക് ഡെർബിൻ വീണ്ടും ഭ്രൂണഹത്യ വിരുദ്ധ നിലപാടിലേക്ക് മടങ്ങിയെത്താൻ താൻ പ്രാർത്ഥിക്കുമെന്നും ബിഷപ്പ് തോമസ് ജോൺ പാപ്പറോക്കി കൂട്ടിച്ചേർത്തു.
< Updated On 22nd February 2018 >
