News - 2025
ഫ്രാൻസിസ് മാർപാപ്പയെ സമര്‍പ്പിച്ച് ജെമെല്ലി ആശുപത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം
പ്രവാചകശബ്ദം 26-02-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പാപ്പയെ ചികിത്സിക്കുന്ന ജെമെല്ലി ആശുപത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ (OFM) ജനറൽ ഫാ. മാസിമോ ഫുസാരെല്ലി വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായി. കത്തോലിക്കാ സഭയ്ക്കും ലോകത്തിനും പാപ്പയെ ആവശ്യമായതിനാൽ അദ്ദേഹത്തിൻ്റെ ശബ്ദം നിശബ്ദമാകാന്‍ പാടില്ലായെന്നും പ്രാര്‍ത്ഥന തുടരണമെന്നും ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രാർത്ഥന തുടർന്നും കേൾക്കാൻ നാം കർത്താവിനോട് അപേക്ഷിക്കുന്നു, നമ്മൾ ജീവിക്കുന്നത് പോലെയുള്ള ഒരു ഇരുണ്ട കാലഘട്ടത്തിൽ നമുക്ക് ഒരു ദിശാനോക്കി യന്ത്രമായി പാപ്പയെ പ്രത്യേകം ആവശ്യമുണ്ടെന്നും ഫ്രാൻസിസ്കൻ സുപ്പീരിയർ ദിവ്യബലിയിൽ ഊന്നിപ്പറഞ്ഞു. മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിലെ "ജോൺ പോൾ രണ്ടാമൻ" പാപ്പയുടെ പേരിലുള്ള ചാപ്പലിൽ നടന്ന ദിവ്യബലിയില്‍ അറുപതോളം പേർ പങ്കെടുത്തു. ഇതില്‍ ഭൂരിഭാഗവും ആശുപത്രിയിലെ ജീവനക്കാരായിരിന്നു.
ഉച്ചയ്ക്ക് 12 മണിക്ക് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ദിവ്യകാരുണ്യ ആരാധനയും നടന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, 4:30ന്, ഫ്രാൻസിസ് മാർപാപ്പയുമായുള്ള അടുപ്പം പ്രകടിപ്പിക്കുന്നതിനായി ജെമെല്ലിയിൽ നടത്തിവരുന്ന ദൈനംദിന പ്രാർത്ഥനയുടെ ഭാഗമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. അതേസമയം ആശുപത്രിക്ക് അകത്തും പുറത്തും ലോകമെമ്പാടുമായി പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
