News - 2025
പാപ്പയുടെ നോമ്പുകാല വാർഷിക ധ്യാനം ബനഡിക്ടൻ സന്യാസി നയിക്കും
സ്വന്തം ലേഖകന്‍ 01-03-2019 - Friday
വത്തിക്കാന്‍ സിറ്റി: ആഴമേറിയ ആത്മീയ ഉൾക്കാഴ്ചകൾക്കൊണ്ട് ശ്രദ്ധേയനായ ബനഡിക്ടൻ സന്യാസിയായ ബെർനാർഡോ ജിയാനി ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല വാർഷിക ധ്യാനം നയിക്കും. ധ്യാനം നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഫോണിൽ തന്നെ ക്ഷണിച്ചെന്ന് ഫാ. ബെർനാർഡോ ജിയാനി പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. 2015-ൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ക്രൈസ്തവ മാനവികത സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ ഫാ. ബെർനാർഡോ ജിയാനിയായിരുന്നു. നിലവില്‍ സാൻ മിനിയാറ്റോ അൽ മോൺഡി സന്യാസ ആശ്രമത്തിന്റെ തലവനായി സേവനം ചെയ്തു വരികയാണ്. റോമിനു പുറത്തുളള അരീസിയ നഗരത്തിലായിരിക്കും പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല വാർഷിക ധ്യാനം നടക്കുക.
മാർപാപ്പയുൾപ്പടെയുളളവർക്കായി ധ്യാനം നയിക്കാൻ തനിക്ക് സഭാപരമായും, വിദ്യാഭ്യാസപരമായും, ദൈവശാസ്ത്രപരമായും യോഗ്യതയില്ലായെന്നു പറഞ്ഞപ്പോൾ ഇത് നല്ല ഒരു മനോഭാവമാണെന്ന്‍ പാപ്പ പറഞ്ഞതായി അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ധ്യാനത്തിലെ പത്ത് വിചിന്തന വിഷയങ്ങൾ മാരിയോ ലൂസി എന്ന ഇറ്റാലിയൻ കവിയിൽ നിന്നും പ്രചോദനം സ്വീകരിച്ച് എടുത്തതാണ്. ഫ്രാൻസിസ് മാർപാപ്പയെ കൂടാതെ വത്തിക്കാൻ കൂരിയയിലെ ഉന്നത പദവി വഹിക്കുന്നവരും ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്.
