India - 2025
ഇ മെയില്‍ സമരത്തില്‍ നാലായിരത്തോളം കെസിവൈഎം യൂണിറ്റുകള്‍
സ്വന്തം ലേഖകന്‍ 02-03-2019 - Saturday
കോട്ടയം: വിവാദമായ ചര്‍ച്ച് ബില്‍ പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനതലത്തില്‍ ഇ മെയില്‍ അയച്ചു സൃഷ്ടിക്കാനൊരുങ്ങുന്ന ഇകാറ്റ് സമരത്തില്‍ 32 രൂപതകളിലെ നാലായിരത്തില്‍പരം കെസിവൈഎം യൂണിറ്റുകള്‍ പങ്കുചേരും. മൂന്നിന് എല്ലാ യൂണിറ്റുകളിലും അടിയന്തര കെസിവൈഎം സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ പറഞ്ഞു. ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കങ്ങളില്‍നിന്നു കമ്മീഷന്‍ പിന്‍വാങ്ങുക, ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്‍ ഞങ്ങള്‍ എതിര്‍ക്കുന്നു തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ lawreformskerala@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്ക് അയക്കുവാനാണ് യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇകാറ്റ് ശക്തമാക്കാന്‍ പരിശീലനം നല്‍കാനും തീരുമാനങ്ങളെടുക്കാനുമായി 32 രൂപതകളിലെയും രൂപതാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചങ്ങനാശേരി സന്ദേശനിലയത്തില്‍ മൂന്നിനു വിളിച്ചു ചേര്‍ക്കാനും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
