India - 2025

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍

26-10-2020 - Monday

കൊച്ചി: വിവിധ ഉത്തരവുകളിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനു ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതുമായ സഭാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനെയുമാണ് സര്‍ക്കാരിന്റെ ഈ നടപടികള്‍ അപകടത്തിലായിരിക്കുന്നത്.

2016-17 വര്‍ഷം മുതല്‍ നടത്തിയിട്ടുള്ള ആയിരക്കണക്കിന് അധ്യാപക നിയമനങ്ങള്‍ ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. 2013-14 വര്‍ഷം കോളജുകളില്‍ അനുവദിച്ച വിവിധ കോഴ്സുകളില്‍ അധ്യാപക നിയമനത്തിന് ഉത്തരവുകള്‍ നല്‍കിയിട്ടില്ല. 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. ഏകജാലക സംവിധാനത്തിന്റെ അശാസ്ത്രീയമായ നടപടിക്രമങ്ങള്‍ മൂലം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ചലഞ്ച് ഫണ്ട് പദ്ധതിയില്‍ ഇനിയും സ്വകാര്യ സ്കൂളുകളോട് അനുഭാവപൂര്‍വമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല. സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കാണിക്കുന്ന നിഷേധാത്മകവും വിവേചനപരവുമായ നടപടികള്‍ പിന്‍വലിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് കാത്തലിക് ടീച്ചേഴ്സ് ഡില്‍ഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് കമ്മീഷന്‍ പൂര്‍ണ പിന്‍തുണയും സഹകരണവും വാഗ്ദാനം ചെയ്തു.

കമ്മീഷന്‍ സംഘടിപ്പിച്ച വെബിനാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. വിവിധ സഭാ അധ്യക്ഷരായ കുര്യാക്കോസ് മാര്‍ തെയോഫിലോസ് (യാക്കോബായ), മലങ്കര മാര്‍ത്തോമാ സഭാ ബിഷപ് ഗീവര്‍ഗീസ് മാര്‍ തെയോഡേഷ്യസ്, അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റ് സഭാ അധ്യക്ഷന്‍ ഔഗന്‍ മാര്‍ കുര്യാക്കോസ്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഫാ. ജോണ്‍സണ്‍ പുറ്റാലില്‍ (മലങ്കര ഓര്‍ത്തോഡോക്സ് ചര്‍ച്ച്), സിഎസ്ഐ സഭാ പ്രതിനിധി ടി.ജെ മാത്യു, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »