News

ഷബാസ് ഭട്ടിയുടെ സ്മരണയില്‍ പാക്കിസ്ഥാനിലെയും ഭാരതത്തിലെയും ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 04-03-2019 - Monday

ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ പ്രതിസന്ധിക്കിടെ, രക്തസാക്ഷിത്വം വരിച്ച മുന്‍ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹബാസ് ഭട്ടിയുടെ സ്മരണയില്‍ ഭാരതത്തില്‍ നിന്നുള്ള ക്രൈസ്തവ സമൂഹവും. ക്രൈസ്തവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ എട്ടാം ചരമ വാര്‍ഷികമായിരിന്നു ഇക്കഴിഞ്ഞ ശനിയാഴ്ച. അന്നേ ദിവസം ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ ഭാരതത്തില്‍ നിന്നുള്ള ക്രൈസ്തവരും പങ്കെടുത്തു. പാക്കിസ്ഥാന്‍ മന്ത്രിസഭയിലെത്തിയ ഏക ക്രൈസ്തവനായിരുന്നു ഷഹബാസ് ഭട്ടി.

ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ ഷഹബാസ് ഭട്ടി, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനു ശക്തമായ നേതൃത്വമാണ് നല്‍കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും അദ്ദേഹം തുടക്കമിട്ടു. ഇതോടെ ഭീകവാദ സംഘടനകളുടെ നോട്ടപ്പുള്ളിയായി മാറി ഇദ്ദേഹം. മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു.

അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്.

കടുത്ത ഇസ്ളാമിക രാജ്യത്തു തനിക്ക് ലഭിച്ച അധികാരം അടിച്ചമര്‍ത്തപ്പെട്ട ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചു ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ നാമകരണത്തിനുള്ള നടപടികള്‍ ഇസ്‌ലാമാബാദ് രൂപതയില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


Related Articles »