News - 2025
ചര്‍ച്ച് ബില്‍: കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇരട്ടത്താപ്പ്
സ്വന്തം ലേഖകന്‍ 07-03-2019 - Thursday
കോട്ടയം: കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ പ്രസിദ്ധീകരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇരട്ടത്താപ്പ്. http://www.lawreformscommission.kerala.gov.in/index.php എന്ന കമ്മീഷന്‍ വെബ്‌സൈറ്റിലാണ് ചര്‍ച്ച് ബില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധീകരിച്ചിരുന്നത്.
ബുധനാഴ്ച വരെ വെബ്സൈറ്റിന്‍റെ പ്രസന്‍റ് ബിൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ചർച്ച ബിൽ ഇന്ന് രാവിലെ മുതൽ പ്രീവിയസ് ബിൽ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ചര്‍ച്ച് ബില്‍ പിന്‍വലിച്ചുവെന്നു തോന്നുമെങ്കിലും പ്രിവിയസ് ബില്‍ സെക്ഷനില്‍ നിന്ന്‍ ഇത് നീക്കം ചെയ്തിട്ടില്ല.
ബിൽ സംബന്ധിച്ച് കമ്മീഷനെ അഭിപ്രായം അറിയിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരുന്നുവെന്നും അതിനാലാണ് പ്രീവിയസ് ബിൽ വിഭാഗത്തിലേക്ക് ചർച്ച് ബിൽ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ കത്തോലിക്ക സഭാനേതൃത്വം പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെയാണ് ബില്‍ പ്രസന്‍റ് സെക്ഷനില്‍ നിന്നു പിന്‍വലിച്ചത്. ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ബില്‍ വെബ്സൈറ്റില്‍ നിന്ന്‍ പൂര്‍ണ്ണമായും പിന്‍വലിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
