News - 2025
ഈജിപ്തില്‍ കൂടുതല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് അംഗീകാരം
സ്വന്തം ലേഖകന്‍ 08-03-2019 - Friday
കെയ്റോ: ഈജിപ്തില്‍ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച 783 ദേവാലയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് ഈജിപ്ത് പ്രധാനമന്ത്രി മോസ്തഫ കമാല്‍ മാഡ്ബൗലിയുടെ നേതൃത്വത്തിലുള്ള മന്തിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന 700 ദേവാലയങ്ങള്‍ക്ക് കൂടി നിയമസാധുത നല്‍കുവാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് സര്‍ക്കാര്‍. 2016 ഓഗസ്റ്റ് അവസാനത്തിലാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിയമാംഗീകാരവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കിയത്.
പരിശോധനകള്‍ക്കും സാക്ഷ്യപ്പെടുത്തലിനുമായി അഡ് ഹോക്ക് കമ്മിറ്റിയുടെ മുന്നിലെത്തിയിട്ടുള്ള ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം വരുന്നതിനു മുന്‍പ് പണികഴിപ്പിക്കപ്പെട്ടവയാണ്. കമ്മീഷന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന ദേവാലയങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക. കഴിഞ്ഞ ദശകങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവാലയങ്ങളില്‍ നിയമപരമായ രേഖകളും, സമ്മതി പത്രവും കൂടാതെ അനേകം ദേവാലയങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം ദേവാലയ കെട്ടിടങ്ങളുടെ കാര്യം ഉന്നയിച്ച് ഇസ്ലാമിക മൗലീകവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്.
1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം കൂട്ടിച്ചേര്‍ത്ത 10 നിയമങ്ങള്‍ അനുസരിച്ച് ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി ലഭിക്കുക എന്നത് ഈജിപ്തില്‍ വളരെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേ മേഖലയിലും, റെസിഡന്‍ഷ്യല്‍ മേഖലയിലും പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യത്തിന് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
