News - 2024

ലിവിംഗ് ടുഗദറിനേക്കാള്‍ സ്ഥിരത വിവാഹ ബന്ധങ്ങള്‍ക്ക്: പുതിയ പഠനഫലം പുറത്ത്

സ്വന്തം ലേഖകന്‍ 19-03-2019 - Tuesday

വാഷിംഗ്‌ടണ്‍ ഡിസി: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനേക്കാള്‍ (ലിവിംഗ് ടുഗദര്‍) ആഴമായ സ്ഥിരതയും, ദൈര്‍ഘ്യവുമുള്ളത് വിവാഹ ബന്ധങ്ങള്‍ക്കാണെന്ന് പുതിയ പഠനഫലം. വിവിധ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗ്ലോബല്‍ ഫാമിലി ആന്‍ഡ്‌ ജെന്‍ഡര്‍ സര്‍വ്വേ (GFGS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 11 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ ലിവിംഗ് ടുഗദറില്‍ കഴിയുന്നവരേക്കാള്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിവാഹിതരാണെന്നും വ്യക്തമായി.

യുകെയില്‍ ലിവിംഗ് ടുഗദറില്‍ കഴിയുന്ന 39 ശതമാനം കമിതാക്കളും തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ഓസ്ട്രേലിയയില്‍ 35 ശതമാനവും, കാനഡയിലും, അയര്‍ലന്‍ഡിലും 34 ശതമാനവും, ഫ്രാന്‍സില്‍ 31 ശതമാനവുമാണ്. അര്‍ജന്റീനയില്‍ ലിവിംഗ് ടുഗദറില്‍ താമസിക്കുന്ന 19 ശതമാനം ആളുകളാണ് തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ബന്ധത്തിന്റെ സ്ഥിരതയില്‍ ആത്മവിശ്വാസമുള്ള വിവാഹിതരും, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത് അമേരിക്കയിലാണ്. രാജ്യത്തു വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന കമിതാക്കളില്‍ 36 ശതമാനവും തങ്ങളുടെ ബന്ധത്തിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോള്‍, വിവാഹിതരായ ദമ്പതികളില്‍ വെറും 17 ശതമാനത്തിനു മാത്രമാണ് തങ്ങളുടെ ബന്ധത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് സംശയമുള്ളു. ബന്ധത്തിന്റെ സ്ഥിരതക്ക് പുറമേ, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരെ അപേക്ഷിച്ച് തങ്ങളുടെ ദാമ്പത്യ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിവാഹിതരാണെന്നും സര്‍വ്വേ ഫലം പറയുന്നു.

അമേരിക്കയിലെ 75 ശതമാനം വിവാഹിതരും തങ്ങളുടെ ബന്ധത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുമ്പോള്‍, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരില്‍ 56 ശതമാനം മാത്രമാണ് ബന്ധത്തിന് പ്രാധാന്യം നല്‍കുന്നുള്ളു. ബന്ധത്തിന് പ്രാധാന്യം നല്‍കുന്നവരുടെ എണ്ണം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം ഓസ്ട്രേലിയയില്‍ 15 ശതമാനവും, അയര്‍ലന്‍ഡില്‍ 14 ശതമാനവും, യുകെയില്‍ 17 ശതമാനവുമാണ്.ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, അയര്‍ലാന്‍ഡ്‌, യു.കെ, യു.എസ്, ചിലി, പെറു, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന മുതലായ രാജ്യങ്ങളില്‍ 16,474 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് സര്‍വ്വേയുടെ ഭാഗമായി ഗ്ലോബല്‍ ഫാമിലി ആന്‍ഡ്‌ ജെന്‍ഡര്‍ സര്‍വ്വേ നടത്തിയത്.


Related Articles »