India - 2025
വ്യാജരേഖ: പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റെന്നു മീഡിയ കമ്മീഷന്‍
സ്വന്തം ലേഖകന്‍ 21-03-2019 - Thursday
കാക്കനാട്: വ്യാജരേഖക്കേസില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനും ഫാ. പോള്‍ തേലക്കാട്ടിനുമെതിരായി സീറോമലബാര്‍ സഭാ സിനഡിനു വേണ്ടി പോലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു സീറോമലബാര്‍ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേസ് സംബന്ധിച്ച് നിലവിലുള്ള എഫ്‌ഐആര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെ എഫ് ഐആര്‍ നന്പര്‍ 0342 ആണ്. സിനഡിന്റെ തീരുമാനമനുസരിച്ച് നല്കിയ പരാതിയുടെ പകര്‍പ്പും ഈ വിഷയം സംബന്ധിച്ച് മാധ്യമ കമ്മീഷന്‍ നല്കിയ വിശദീകരണത്തിന്റെ പകര്‍പ്പും സഹിതമാണ് മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പ് ഇറക്കിയത്.
മാര്‍ മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനുവേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. തേലക്കാട്ട് മാര്‍ മനത്തോടത്തിനെ ഏല്പിച്ചെന്നും മാര്‍ മനത്തോടത്ത് അത് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഏല്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മീഡിയാ കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.