India - 2024

തെരുവുമക്കളുടെ പ്രിയ ഇടയന്‍ ഫാ. ആന്റണി തൈപ്പറമ്പില്‍ വിടവാങ്ങി

സ്വന്തം ലേഖകന്‍ 20-03-2019 - Wednesday

കോഴിക്കോട്: തെരുവുമക്കളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അനേകം മക്കള്‍ക്ക് പുതിയ ജീവിതത്തിന് വഴിയൊരുക്കിയ ഫാ. ആന്റണി തൈപ്പറന്പില്‍ നിര്യാതനായി. എണ്‍പത്തിനാല് വയസായിരിന്നു. സലേഷ്യന്‍ സഭാംഗമായിരിന്ന അദ്ദേഹം ന്യൂഡല്‍ഹി, ലക്‌നോ, ഹരിയാന എന്നിവിടങ്ങളിലും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നൂറുകണക്കിന് തെരുവുകുട്ടികള്‍ക്കാണ് പുതുജീവിതം സമ്മാനിച്ചത്. കൊല്‍ക്കത്തയിലെ പ്രശസ്ത പുനരധിവാസ കേന്ദ്രമായ ആശാലയത്തിന്റെ സ്ഥാപകന്‍ കൂടിയായിരിന്നു ഫാ. ആന്റണി.

പാലാ സ്വദേശിയായ അദ്ദേഹം 1950 ല്‍ സലേഷ്യന്‍ ഓഫ് ഡോണ്‍ ബോസ്‌കോ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 1965 മുതല്‍ 1968 വരെ കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു. ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴിലുള്ള ചപ്ര, മലയംപറ്റ, അസിംഗഞ്ച്, താകൂര്‍ നഗര്‍ ഇടവകകളില്‍ വികാരിയായും പ്രവര്‍ത്തിച്ചു. പിന്നീട് കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായി. സെമിനാരി വിദ്യാര്‍ഥിയായിരിക്കെയാണ് തെരുവുമകള്‍ക്കും അശരണര്‍ക്കുമായി സേവനം ചെയ്യാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്ത ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നിരവധി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തതോടെയാണ് തന്റെ വലിയ ദൌത്യത്തിന് അദ്ദേഹം തുടക്കമിട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി കുട്ടികളെ പഠിപ്പിച്ച് ജീവിതമാര്‍ഗം നേടിക്കൊടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വൈദികന്റെ മൃതസംസ്‌കാരം വെള്ളിയാഴ്ച നാലിന് ന്യൂഡല്‍ഹി ഒഖ്ലയിലെ സലേഷ്യന്‍ സെമിത്തേരിയില്‍ നടക്കും.

More Archives >>

Page 1 of 233