India - 2024

കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാനതല ദിനാഘോഷം ഇന്ന്

സ്വന്തം ലേഖകന്‍ 23-03-2019 - Saturday

മൂവാറ്റുപുഴ: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും 'ലവീത്ത2019' എന്ന പേരില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു 2.30നു കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ രൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷതവഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തും.

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ ക്ലാസ് നയിക്കും. എറണാകുളം മേഖല ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, തോമസ് മാത്യു, മോളി ജോര്‍ജ്, മേഖല പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം, ജോണി ഇലവുംകുടി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ മേരി കെയര്‍ മിഷന്‍ ഉദ്ഘാടനം ചെയ്യും. ഗര്‍ഭിണികളായവരെ പൊന്നാട അണിയിച്ച് ആദരിക്കും. മനുഷ്യജീവന്റെ സംരക്ഷണ മേഖലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.

ജൂഡ്‌സണ്‍ (സാമൂഹ്യ സേവനം), മാര്‍ട്ടിന്‍ ന്യൂനസ് (ജീവ സമൃദ്ധി), ബിന്ദു ഓടയ്ക്കല്‍ (ജീവകാരുണ്യം), മരിയ തെരേസ ഹോസ്പിറ്റല്‍ (ആതുര ശുശ്രൂഷ), ഡോ. മാത്യു നന്‌പേലില്‍, ഷീബ മാത്യൂസ് (പാലിയേറ്റീവ്), സോജി മരിയ ദന്പതികള്‍ (ബേത്‌ലഹേം സ്‌കൂള്‍ ഓഫ് ഗ്രേസ്) തുടങ്ങിയവര്‍ക്കാണു പുരസ്‌കാരം. പ്രോലൈഫ് എക്‌സിബിഷന്‍, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവയും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു മേഖലകളിലെ 32 രൂപതകളില്‍നിന്നുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


Related Articles »