News - 2024

വെനിസ്വേലൻ അഭയാർത്ഥികൾക്കു കൊളംബിയൻ രൂപത നല്‍കിയത് പത്തുലക്ഷം ഭക്ഷണപ്പൊതികൾ

സ്വന്തം ലേഖകന്‍ 24-03-2019 - Sunday

കുകുറ്റ: ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനിസ്വേലൻ അഭയാർത്ഥികൾക്കു കൊളംബിയയിലെ കുകുറ്റ രൂപത സമ്മാനിച്ചത് പത്തുലക്ഷം ഭക്ഷണപ്പൊതികൾ. 2017 ജൂൺ മാസം മുതൽ വെനിസ്വേലയുടെയും, കൊളംബിയയുടെയും അതിർത്തിയിൽ അത്യാഹിത സന്ദർഭത്തിൽ സഹായം നൽകിയ സന്നദ്ധ പ്രവർത്തകർക്കും സാമ്പത്തികമായി സംഭാവനകൾ നൽകിയവർക്കും നന്ദി പറഞ്ഞ് രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നന്മയും, ദൈവത്തിന്റെ സാമീപ്യവും അനുഭവിക്കാൻ മുറിവേറ്റ ആളുകൾ വരുന്ന ആശുപത്രിയാണ് സഭയെന്ന പാപ്പയുടെ വാക്കുകളാണ് രൂപത ഏറ്റെടുത്തിരിക്കുന്നതെന്ന് കുകുറ്റ രൂപത ബിഷപ്പ് വിക്ടർ മാനുവൽ ഒക്കേവ പറഞ്ഞു.

2013ൽ വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസിൽ നിന്ന് നിക്കോളാസ് മഡൂറോ ഭരണം ഏറ്റെടുത്തതിനു ശേഷം രാജ്യത്ത് അക്രമസംഭവങ്ങളും, കലാപങ്ങളും അരങ്ങു തകർക്കുകയാണ്. സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴിൽ, ഭക്ഷണത്തിനും, മരുന്നിനും, മറ്റ് അവശ്യ സാധനങ്ങൾക്കും വലിയ ദൗർലഭ്യമാണ് നേരിടുന്നത്. കടുത്ത പ്രതിസന്ധി മൂലം ആയിരങ്ങളാണ് രാജ്യത്തു നിന്ന്‍ പലായനം ചെയ്തത്. വിദേശത്തുള്ള ബന്ധുക്കൾ അയക്കുന്ന പണമുപയോഗിച്ചാണ് വെനിസ്വേലയിൽ പലരും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാൽ വിദേശത്തുനിന്ന് അയക്കുന്ന പണം ബാങ്കിൽ നിന്ന് പിന്‍വലിക്കുന്നതിലും നിയന്ത്രണമുണ്ട്.

പ്രതിസന്ധികള്‍ ഒന്നൊന്നായി അലട്ടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായാണ് കത്തോലിക്ക സഭ നിലകൊള്ളുന്നത്. സഭയുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖമാകുന്ന വൈദികരും, അൽമായരും, ഡീക്കൻമാരും ഉൾപ്പെടുന്ന എണ്ണൂറോളം വരുന്ന സന്നദ്ധ പ്രവർത്തകർക്ക് ബിഷപ്പ് വിക്ടർ മാനുവൽ നന്ദി പറഞ്ഞു. അഭയാർത്ഥികൾക്കായി പണവും മറ്റ് അവശ്യ സാധനങ്ങളും നൽകിയ കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റർനാഷ്ണലിനെയും അമേരിക്കൻ മെത്രാൻ സമിതിയെയും ബിഷപ്പ് വിക്ടർ മാനുവൽ തന്റെ നന്ദി അറിയിച്ചു.


Related Articles »