Social Media - 2018

എം.ജി.എസ് നാരായണന്‍റെ വാദവും മാര്‍ത്തോമ്മാ പൈതൃകത്തിന്‍റെ യാഥാര്‍ത്ഥ്യവും

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 20-04-2018 - Friday

സീറോ മലബാര്‍സഭയില്‍ ചിലരുടെയെങ്കിലും ഔചിത്യബോധമില്ലാത്ത സംഭാഷണങ്ങള്‍ കേരള കത്തോലിക്കാസഭക്ക് വിനയായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതാണെങ്കിലും വ്യാഖ്യാനിക്കപ്പെടുന്നത് പറയുന്നയാള്‍ കരുതുന്നതുപോലെയല്ല എന്ന വലിയ അപകടം കത്തോലിക്കാസഭയെ ഭൂതത്തെപ്പോലെ വിഴുങ്ങിയിട്ടുണ്ട്. വളരെ ശ്രദ്ധയോടും അവധാനതയോടും കൂടി മാത്രമേ എന്തും ഉരിയാടാവൂ എന്ന് ഒരിക്കല്‍ക്കൂടി വര്‍ത്തമാനകാല സഭാനേതൃത്വത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം ചൊല്ലിയുള്ള വിവാദം.

എന്തുമാകട്ടെ, കൂരിയാ ബിഷപ്പ് വാണിയപ്പുരക്കല്‍ പിതാവ് മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികവിശദീകരണം നല്കി കുറിപ്പിറക്കിയത് സമയബന്ധിതമായൊരു സത്കൃത്യമായി പരിണമിച്ചു. അനേകരെ ആശയക്കുഴപ്പത്തിലാക്കിയ പ്രസ്താവന ശരിയല്ലെന്നും സഭയുടെ വിശ്വാസവും പ്രബോധനവും തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നു എന്നു തന്നെയാണെന്നും അഭിവന്ദ്യ കൂരിയാ മെത്രാന്‍ പത്രക്കുറിപ്പില്‍ ഉറപ്പിച്ചു പറഞ്ഞു. ഇരുപതു നൂറ്റാണ്ടുകള്‍ മുന്പുള്ള കാര്യങ്ങള്‍ അത്രമാത്രം നാരിഴകീറി അവതരിപ്പിക്കാന്‍ മാത്രം ചരിത്രപരതയൊന്നും കേരളത്തില്‍ യാതൊന്നിനുമില്ല എന്നതാണ് സത്യം. അതിനാല്‍ത്തന്നെ മാര്‍ത്തോമ്മാപൈതൃകത്തെ സമീപിക്കേണ്ടത് മതേതരചരിത്രനിര്‍മ്മിതിയുെ പാഠപുസ്തകവുമായിട്ടല്ല എന്ന് ചുരുക്കം. അതിന്‍റെ രീതിശാസ്ത്രത്തെ അവലോകനം ചെയ്യേണ്ടതും സ്ഥിരീകരിക്കേണ്ടതും മാര്‍ത്തോമ്മാനസ്രാണികളുടെ സമുദായത്തിന്‍റെ കൂടെ പഠനത്തിലൂടെയാണ് എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

എം.ജി.എസ് നാരായണന്‍റെ വാദം ‍

“സെന്‍റ് തോമസ് കേരളത്തില്‍ വന്നിരുന്നു എന്ന് പറയുന്ന കാലത്ത് ഇവിടെ കാട് മാത്രമേയുള്ളു. അദ്ദേഹം വന്നതിന് പുരാവസ്തുപരമായ തെളിവുകളില്ല. ഇവിടെ ജനവാസമില്ലായിരുന്നു” – ഇവയൊക്കെയാണ് എം.ജി.എസ്. നാരായണന്‍ എന്ന പ്രശസ്തനായ ചരിത്രകാരന്‍ തോമ്മാശ്ലീഹായുടെ കേരളാഗമനത്തെ നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍. എന്നാല്‍ തിരുസ്സഭയുടെ നിലപാടനുസരിച്ച് “ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ വസ്തുതയായി അംഗീകരിച്ചിട്ടുള്ളതാണ്. പല ഗണത്തിലുള്ള ചരിത്രരേഖകളും ഇതിന് ഉപോല്‍ബലകമായുണ്ട്.

ഇക്കാര്യത്തില്‍ വിയോജിപ്പുള്ള ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്”. സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍റെ പത്രക്കുറിപ്പിലെ വാക്കുകളാണിത്. നിരവധി ചരിത്രപഠനങ്ങളും ലേഖനങ്ങളും ഈ വിഷയത്തില്‍ ലഭ്യമാണ് താനും. സത്യനിഷേധം മാത്രം വാര്‍ത്തയാവുകയും ആധികാരികമായ ചരിത്രമെഴുത്തുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന കാലത്ത് പേര്‍ത്തും പേര്‍ത്തും സത്യത്തെ അവതരിപ്പിക്കേണ്ടത് യാഥാ‍ര്‍ത്ഥ്യബോധം നശിക്കാത്തവരും ബുദ്ധി പണയംവെക്കാത്തവര്‍ക്കും ഉള്ള ഉത്തരവാദിത്വമാണ്.

മാര്‍ത്തോമ്മായുടെ ആഗമനത്തിന് തെളിവുകളില്ല? ‍

രേഖകളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ വച്ച് തോമ്മാശ്ലീഹായുടെ ഭാരതാഗമനത്തെ സ്ഥാപിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് കഴിയുകയില്ല എന്നത് വാസ്തവമാണ്. കാരണം, ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകള്‍ പലരൂപത്തില്‍ ധാരാളമായി നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനു മുന്പുള്ള കാലഘട്ടങ്ങളെ മനസ്സിലാക്കാന്‍ ലിഖിതങ്ങളുടെ (പാറയിലും ലോഹങ്ങളിലും മറ്റും) അടിസ്ഥാനത്തിലുള്ള പഠനമാണ് സാധ്യമായുള്ളത്. 7-8 നൂറ്റാണ്ടുകള്‍ വരെ മാത്രമാണ് അവയും ലഭ്യമായിട്ടുള്ളത്. ഏഴാം നൂറ്റാണ്ടുമുതല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനം നടന്ന ഒന്നാം നൂറ്റാണ്ടുവരെയുള്ള കാര്യങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ ലഭിക്കണമെങ്കില്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പഠനത്തെയാണ് (ethnology) അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. വാമൊഴിപാരന്പര്യങ്ങള്‍, നാടോടിക്കഥകള്‍, ചരിത്രപരമായ പഴംചൊല്ലുകള്‍ മുതലായവ ചരിത്രസത്യങ്ങളുടെ അംശങ്ങളാല്‍ നിര്‍മ്മിതമാണ്. ഇവയുടെ മേല്‍ അടിസ്ഥാനമിട്ടാണ് ചരിത്രകാരന്മാര്‍ ഭൂതകാലത്തെ നിര്‍മ്മിച്ചെടുക്കുക.

വാചികപാരന്പര്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ കാലയളവില്‍ നിന്നകലുംതോറും വ്യക്തത നഷ്ടപ്പെടുത്തും എന്നത് സത്യമാണെങ്കിലും ശ്രദ്ധയോടെയുള്ള അവയുടെ പഠനം സത്യം ഗ്രഹിക്കാന്‍ ഒരു ഗവേഷകനെ സഹായിക്കും. ഇവക്കൊക്കെ പുറമേ ജനങ്ങള്‍ തന്നെ ചരിത്രപഠനത്തിന്‍റെ രീതിശാസ്ത്രമനുസരിച്ച് അറിവിന്‍റെ പ്രാഥമികഉറവിടങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ ഒരു ഗ്രാമം പഠനവിധേയമാക്കി മദ്ധ്യകാല യൂറോപ്പിന്‍റെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഇപ്രകാരം നിര്‍മ്മിച്ചെടുത്ത മാര്‍ക് ബ്ലോഹ്ക്, പുരാതന ഇന്ത്യയുടെ ചരിത്രവും സംസ്കൃതിയും പഠിക്കാന്‍ ഇക്കാലഘട്ടത്തിലെ ജനങ്ങളെ പഠനസ്രോതസ്സാക്കിയെ ഡി.ഡി. കോസാംബി എന്നിവര്‍ ഉദാഹരണങ്ങളാണ്.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ചരിത്രപരമായ രേഖകളും ലിഖിതങ്ങളും അപ്രാപ്യമായിരിക്കുന്ന മാര്‍ത്തോമ്മാനസ്രാണികളുടെ ഉത്ഭവകാലഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ അവരെത്തന്നെയാണ് പഠനവിധേയമാക്കേണ്ടത്. അവരുടെ സംസ്കാരവും വിശ്വാസവും പുരാതനമായ സാഹിത്യകൃതികളും വാമൊഴിയായി കൈമാറിവന്ന പാട്ടുകളും കലകളുമെല്ലാം മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതത്വത്തിന് ശക്തി പകരുന്ന തെളിവുകളാണ്.

മാര്‍ത്തോമ്മാശ്ലീഹായെ സംബന്ധിച്ച പാരമ്പര്യം ‍

ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടുത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. വളരെപ്പേരെ തോമ്മാശ്ലീഹാ ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം സ്ഥാപിക്കുന്നത്. ഇവയൊന്നും തന്നെയും ഇടക്കാലത്ത് രൂപപ്പെട്ടതല്ല എന്നതിന്‍റെ തെളിവുകള്‍ മാര്‍ത്തോമ്മാനസ്രാണികളുടെ ജീവിതരീതിയും ശൈലിയും പാരന്പര്യങ്ങളും ആഴത്തില്‍ പഠിക്കുന്പോള്‍ നമുക്ക് മനസ്സിലാകും.

മുസിരിസ് എന്ന തുറമുഖ പട്ടണം ‍

ക്രിസ്തുവിനും വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള കച്ചവടബന്ധം പുരാതനറോമാസാമ്രാജ്യത്തിനുണ്ടായിരുന്നു എന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവാണ് മുസിരിസ് (ഇപ്പോള്‍) കൊടുങ്ങല്ലൂര്‍ എന്ന പട്ടണം. ഇത് പുരാതനമായ ഒരു തുറമുഖപട്ടണവും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്കു-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്‌ക്കരമായിരുന്നില്ല എന്നതിന്‍റെ വലിയ സാക്ഷ്യമായി മുസിരിസ് പട്ടണഖനനം മാറുകയാണ്. മുസിരിസ് ഖനനത്തോട് സ്ഥാപിതതാത്പര്യങ്ങളുള്ള ചരിത്രകാരന്മാര്‍ ചിലരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന്‍റെ പിന്നിലും ഇവ്വിധമുള്ള കാരണമുണ്ടാകാം.മാര്‍ത്തോമ്മായുടെ ഭാരതപ്രവേശം – തെളിവുകള്‍ ധാരാളം ‍

1. സഭാപിതാക്കന്മാരുടെ സാക്ഷ്യം: (പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്‍സെന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി. അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റോം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560- 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്).

2. ആരാധനക്രമ തെളിവുകള്‍: (വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്ന സഭയുടെ ആരാധനാക്രമത്തിലും പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും മറ്റ് ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്)

3. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍): പ്രാചീനകൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം) തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന യൂദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

4. പ്രാദേശിക പാരമ്പര്യങ്ങള്‍: (തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.)

5. തോമ്മാ ശ്ലീഹായുടെ കബറിടം: (മൈലാപ്പൂരിലെ പ്രാചീനകബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്ന കേരളത്തില്‍നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.)

സമാപനം ‍

കേവലം ചരിത്രപരമായ തെളിവുകളുടെ അഭാവം മാത്രം ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രബലമായൊരു സമുദായത്തിന്‍റെ ഉത്ഭവചരിത്രത്തെ നിഷേധിക്കുന്നതില്‍ ചിലര്‍ക്കുള്ള പ്രത്യേകതാത്പര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. മാര്‍ത്തോമ്മായുടെ പൈതൃകം നിഷേധിക്കുന്പോഴും മാര്‍ത്തോമ്മാനസ്രാണികളുടെ പാരന്പര്യങ്ങളെയും ജീവിതശൈലിയെയും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന വിശ്വാസങ്ങളെയും കലാരൂപങ്ങളെയുമൊന്നും എം.ജി.എസ് നാരായണനോ ഇപ്രകാരം ചരിത്രത്തെ നിഷേധിക്കുന്ന മറ്റ് പണ്ഡിതരോ പരിശോധിക്കുന്നില്ല എന്നത് അവരുടെ പഠനത്തിന്‍റെ വലിയ വൈകല്യത്തെ ചൂണ്ടിക്കാണിക്കുന്നു. എത്രമാത്രം നിഷേധിച്ചാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഭാരതനസ്രാണികത്തോലിക്കാസഭയുടെ വിശ്വാസത്തിലും ബോധ്യത്തിലും ആഴത്തില്‍ പതിഞ്ഞതും വേരുകളുള്ളതുമായ മാര്‍ത്തോമ്മാപൈതൃകത്തിന് യാതൊരു ഉലച്ചിലും സംഭവിക്കുകയില്ല എന്നതാണ് സത്യം. അയല്‍ക്കാരന്‍ എത്രയാവര്‍ത്തി നിഷേധിച്ചാലും സ്വന്തം അപ്പനെ സംശയിക്കുന്നവരുണ്ടാകുമോ?

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗം തലവന്‍ ഡോ. പയസ് മലേക്കണ്ടത്തിന്‍റെയും സഭാചരിത്രപണ്ഡിതനായ ഡോ. ജോസഫ് കൊല്ലാറയുടെയും ഈ വിഷയത്തിലുള്ള പണ്ഡിതോചിത ലേഖനങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയത്)


Related Articles »