News - 2025
നമ്മുടെ ജീവിതം അപരനു നന്മയാകണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
അമൽ സാബു 24-03-2016 - Thursday
കൊച്ചി: മറ്റുള്ളവര്‍ക്കു ശുശ്രൂഷ ചെയ്യാനും നന്മയായി മാറാനും നമ്മുടെ ജീവിതങ്ങള്‍ക്കാവണമെന്നു സീറോ മലാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രത്തിന്റെയും ഭാഷയുടെയും പേരിലുള്ള ഭിന്നതകളും അതിക്രമങ്ങളും ഇല്ലാതാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങളില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
"തങ്ങളുടെ സ്ഥാനമാനങ്ങളും ധനവും അധികാരങ്ങളും അംഗീകാരങ്ങളും സമൂഹത്തിലെ അവഗണിക്കപ്പെടുന്നവര്‍ക്കു സന്തോഷവും സമാധാനവും പകരാനുള്ള നിയോഗമായി നാം കാണേണ്ടിയിരിക്കുന്നു. നിസ്വാര്‍ഥതയോടെ അപരനെ സേവിക്കാനുള്ള ഓര്‍മപ്പെടുത്തലാണു പെസഹാ. പഴയനിയമത്തില്‍ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു ഇസ്രായേല്‍ ജനത്തിന്റെ മോചനത്തിന്റെ പ്രതീകമായിരുന്നു പെസഹാ ആചരണം".
"ബലിയാകാനുള്ള കുഞ്ഞാടിനെയാണു പുതിയ നിയമം പെസഹായിലൂടെ ഓര്‍മിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം ബലിയാകാന്‍ ഈ ദിനം നമ്മോടു വിളിച്ചുപറയുന്നു. വര്‍ഗ, വര്‍ണ, ഭാഷ, രാഷ്ട്ര, ആചാര ഭേദങ്ങള്‍ ഉയര്‍ത്തി ഭിന്നതകള്‍ സൃഷ്ടിക്കുന്നതില്‍ ഒരിക്കലും നന്മയില്ല. എല്ലാവരും ദൈവത്തിന്റെ മുമ്പില്‍ ഒന്നാണെന്ന ബോധ്യമാണു നമ്മെ നയിക്കേണ്ടതെന്നും" മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.