News - 2025
ഫാദർ ടോം ഉഴുന്നാലിനു വേണ്ടി ഇന്ത്യാ ഗവണ്മെന്റ് രക്ഷാപ്രവർത്തനം തുടങ്ങുന്നു.
സ്വന്തം ലേഖകൻ 28-03-2016 - Monday
യെമനിൽ ഐഎസ് ഭീകരർ തട്ടികൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനു വേണ്ടി ഇന്ത്യാ ഗവണ്മെന്റ് രക്ഷാപ്രവർത്തനം തുടങ്ങുന്നു.
ഫാദർ ഉഴുന്നാലിൽ കുരിശിൽ തറയ്ക്കപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക്, ഗവണ്മെന്റ് നീക്കം വിരാമമിട്ടു എന്ന് സഭാ നേതൃത്വം അഭിപ്രായപ്പെടുന്നു.
സലേഷ്യൻ വൈദികനായ അദ്ദേഹത്തെ ദുഃഖവെള്ളിയാഴ്ച്ച ദിവസം കുരിശിൽ തറയ്ക്കപ്പെട്ടു എന്ന വാർത്തകൾക്കിടയ്ക്ക് , ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന അറിവ് പ്രസ്തുത അഭ്യൂഹങ്ങൾക്ക് ഒരളവുവരെ വിരാമമിട്ടു കൊണ്ട്, സഭയ്ക്കും വിശ്വാസികൾക്കും ആശ്വാസമേകുന്നു.
അദ്ദേഹത്തെ രക്ഷപ്പെടുത്താൻ തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മാർച്ച് 26-ാം തിയതി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.
ഫാദർ ഉഴുന്നാലിൽ ദു:ഖവെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ ക്രൂശിക്കപ്പെട്ടു എന്ന് മാർച്ച് 27-ാം തീയതി വാഷിംഗ്ടൺ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഫാദർ ഉഴുന്നാലിന്റെ മരണവാർത്ത വിയന്നയിൽ കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോം ഈസ്റ്റർ ദിവ്യബലിവേളയിൽ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഫാദർ ഉഴുന്നാലിനെ വധിച്ചെന്ന വാർത്ത ശരിയല്ലന്ന് അബുദാബി ആർച്ച് ബിഷപ്പ് പോൾ ഹിൻണ്ടർ അറിയിച്ചു.
മാർച്ച് 28-ാം തിയതി ഇന്ത്യൻ ബിഷപ്സ് കോൺഫ്രൻസിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജോസഫ് ചാന്നായൻ 'ucanews'-ന് അനുവദിച്ച ഒരു അഭിമുഖത്തിൽ, ഫാദർ ഉഴുന്നാലിനെ കുരിശിലേറ്റി എന്ന വാർത്തയ്ക്ക് അടിസ്ഥാനമൊന്നും കണ്ടെത്താനായിട്ടില്ല എന്ന് പറയുകയുണ്ടായി.
താൻ ഉടനെ ഇന്ത്യയുടെ വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടുന്നതാണെന്നും, അതോടെ ഫാദർ ടോം ഉഴുന്നാലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു വ്യക്തമായ ചിത്രം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യാ ഗവണ്മെന്റിന്റെ പ്രതികരണം പ്രത്യാശ നൽകുന്നതാണെന്നും ഫാദർ ഉഴുന്നാലിൽ സുരക്ഷിതനായിരിക്കുന്നു എന്ന ധാരണ ഗവണ്മെന്റ് നീക്കങ്ങൾ നൽകുന്നതായും സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രോവിൻസിന്റെ വക്താവ് ഫാദർ മാത്യു വളർകോട്ട് അറിയിച്ചു.
ഫാദർ ഉഴുന്നാലിനെ കുരിശിലേറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമാണ് എന്ന് ഫാദർ വളർകോട്ട് അറിയിച്ചു. അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്, ഫാദർ വളർകോട്ട് പറഞ്ഞു.
മാർച്ച് 4-ാം തീയതിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യെമനിലെ ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. 56 വയസ്സുള്ള ഫാദർ ഉഴുന്നാലിൽ സലേഷ്യൻ സഭയുടെ ബാംഗ്ളൂർ പ്രോവിൻസിലെ അംഗമാണ്.