News
അഭയാർത്ഥികളുടെയും, അന്യമതസ്തരുടെയും, സ്ത്രീകളുടെയും കാലുകൾ കഴുകിക്കൊണ്ട് മാർപാപ്പ ക്രിസ്തുവിന്റെ സന്ദേശം ലോകത്തോട് പ്രഘോഷിച്ചു
അഗസ്റ്റസ് സേവ്യർ 25-03-2016 - Friday
പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പാദങ്ങൾ കഴുകി ദിവ്യബലിയർപ്പിച്ചു. പങ്കെടുത്തവരും കണ്ടുനിന്നവരും ഒരേ പോലെ വികാരഭരിതരായ നിമിഷങ്ങളായിരുന്നു അവ.
കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തവരിൽ നാലുപേർ ക്രൈസ്തവരും, മൂന്നു സ്ത്രീകൾ കോപ്ടിക് ഓർത്തോഡക്സ് ക്രൈസ്തവരും മൂന്നുപേർ മുസ്ലീങ്ങളും ഒരാൾ ഹിന്ദുവും ആയിരുന്നു. ശുശ്രൂഷയിൽ പങ്കെടുത്ത പലരുടെയും കണ്ണു നിറയുന്നത് കാണാമായിരുന്നു.
"ഏതു കാലത്തും അക്രമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവർ ഉണ്ടായിട്ടുണ്ട്. യേശുവാണ്, യേശു മാത്രമാണ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വഴി നമുക്ക് കാണിച്ചു തന്നത്." വ്യാഴാഴ്ച്ചയിലെ കാൽകഴുകൽ ശുശ്രുഷ പൂർത്തിയാക്കി കൊണ്ട് പിതാവ് പറഞ്ഞു. "രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യേശു ചെയ്തതുപോലെ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകി. അതു വഴി നമ്മൾ യേശു ഉപദേശിച്ചു തന്ന സാഹോദര്യം പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്."
"നാം പല വംശങ്ങളിൽപ്പെടുന്നവരാണ്; പല മതങ്ങൾ; പല സംസ്ക്കാരങ്ങൾ; പക്ഷേ, നാമെല്ലൊം സഹോദരരാണ്, നമ്മൾ സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്."
"നിങ്ങൾക്കോരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്. നി ങ്ങളുടെ വേദനകൾ, കുരിശുകൾ, എല്ലാം വ്യത്യസ്ഥമായിരിക്കാം. പക്ഷേ. അതിനെല്ലാമുപരിയായി, നാമെല്ലാം സഹോദരരാണ് എന്ന് നമ്മൾ അറിയുന്നു."
റോമിനടുത്തുള്ള 'Reception Center for Asylum Seekers' എന്ന സ്ഥാപനത്തിൽ അഭയം തേടിയെത്തിയിരിക്കുന്ന 900- ത്തോളം കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരിൽ കൂടുതലും മുസ്ലീങ്ങളായിരുന്നു. ക്രൈസ്തവരായിട്ടുണ്ടായിരുന്നവരിൽ അധികവും അകത്തോലിക്കരായിരുന്നു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്ന കാലുകഴുകൽ കർമ്മത്തിലെ രണ്ട് പ്രവർത്തികൾ അദ്ദേഹം വിവരിച്ചു. ഒന്നാമത്തേത് ഗുരു ശിഷ്യരുടെ മുമ്പിൽ നമിക്കുന്നതാണ്; യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു.
രണ്ടാമത്തെ സംഭവം യൂദാസിന്റേതാണ്. അക്രമികളിൽ നിന്നും മുപ്പതു വെള്ളിക്കാശ് കൈപറ്റി തന്റെ ഗുരുവിനെ ഒരു ചുംബനത്തിലൂടെ ഒറ്റികൊടുക്കുന്ന യൂദാസ്.
ഈ രണ്ടു പ്രവർത്തികൾ നാം ഇപ്പോളും എല്ലായിടത്തും കണ്ടു കൊണ്ടിരിക്കുകയാണ്. ക്രൈസ്തവർ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ എല്ലാവരും സഹോദരരാണ്. അവർ സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്നു.
രണ്ടാമത്തെ വിഭാഗം യൂദാസിന്റേതാണ്. സമാധാനം ആഗ്രഹിക്കാത്തവരാണവർ. രാജ്യങ്ങളിലെ സമാധാനം തകർക്കുന്നവരാണവർ.
പക്ഷേ, യൂദാസ് ഒറ്റയ്ക്കല്ല. യൂദാസിനു പിറകിൽ ആളുകളുണ്ട്. യൂദാസിന് പണം കൊടുക്കുന്ന, അയാളെ പ്രേരിപ്പിക്കുന്ന, അക്രമികൾ. അതുപോലെ തന്നെ, രാജ്യങ്ങളിലെയും നഗരങ്ങളിലെയും അക്രമങ്ങൾക്കു പിന്നിൽ ആളുകളുണ്ട്. ആയുധം നിർമ്മിക്കുന്നവർ, ആയുധക്കടത്തുകാർ, അവർക്കു വേണ്ടത് സമാധാനമല്ല, രക്തമാണ്. അവർക്കു വേണ്ടത് സാഹോദര്യമല്ല, യുദ്ധമാണ്.
മറ്റുള്ളവർക്ക് സേവനം ചെയ്യുന്ന യേശുവും, മറ്റുള്ളവരുടെ രക്തത്തിന് വിലപേശുന്ന ജൂഡാസും തമ്മിലുള്ള വ്യത്യാസം നാം മനസിലാക്കണം.
നമ്മുടെ ജീവിതത്തിൽ സാഹോദര്യം പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രോതാക്കളോട് ആവശ്യപ്പെട്ടു. "അത് ലോകം മുഴുവൻ വ്യാപിക്കട്ടെ," മാർപാപ്പ പ്രാർത്ഥിച്ചു.