News - 2025
സെന്റ് പീറ്റേർസ് സ്ക്വയറിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 28-03-2016 - Monday
സന്ദർശകരും വിശ്വാസികളുമായി സെന്റ് പീറ്റേർസ് സ്ക്വയറിൽ തിങ്ങി കൂടിയ പതിനായിരങ്ങൾക്ക് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ആശംസകൾ നേർന്നു. ദിവ്യബലിയർപ്പണത്തിനു ശേഷം അദ്ദേഹം പരമ്പരാഗതമായ 'Benedictio urbi et orbi' ആശിർവാദം നല്കി.
മതഭീകരതയ്ക്ക് ഇരയായി കൊണ്ടിരിക്കുന്ന ലോകമെങ്ങുമുള്ള നിരപരധികളെ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമ്മിച്ചു. "ബൽജിയം, തുർക്കി, നൈജീരിയ, കാമറോൺ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളുടെ രക്തം ചീന്തിക്കൊണ്ടിരിക്കുന്ന മതഭീകരവാദികൾക്ക് ക്രൈസ്തവ വിശ്വാസത്തെ തകർക്കാനാവുന്നില്ല എന്നതു തന്നെ ദൈവം നമ്മോടു കൂടെയുണ്ട് എന്നതിന് തെളിവാണ്" അദ്ദേഹം പറഞ്ഞു.
യേശുവിന്റെ പുനരുത്ഥാനം ആഘോഷത്തിന്റെ അവസരമാണ്. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണത്. ഈ ഈസ്റ്റർ ആഘോഷവേളയിൽ പക്ഷേ, മതതീവ്രവാദ മേഖലകളിലും യുദ്ധഭൂമികളിലും, പീഡകരുടെ മുന്നിലേക്ക് ഉറക്കമുണരുന്ന നമ്മുടെ സഹോദരരെ നമ്മൾ വിസ്മരിക്കരുത് എന്ന് അദ്ദേഹം ശ്രോതാക്കളെ ഓർമിപ്പിച്ചു.
"യുദ്ധം, ദാരിദ്ര്യം, സാമൂഹ്യ അനീതി, മത തീവ്രവാദം ഇവയ്ക്കെല്ലാം ഇരയായി കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരരെ നമുക്ക് പ്രാർത്ഥനകളിൽ ഓർത്തിരിക്കാം."
"വിശ്വാസവും പ്രത്യാശയും കാത്തു സൂക്ഷിക്കാൻ പാടുപെടുന്ന എല്ലാവർക്കുമായണ് നമ്മുടെ പ്രാർത്ഥന. വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെട്ടവർക്കു വേണ്ടി, ഭാവി ശൂന്യമായി അനുഭവപ്പെടുന്ന യുവാക്കൾക്കു വേണ്ടി, കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി ഞാൻ ദൈവ വചനം ഉദ്ധരിക്കുകയാണ്- 'ഇതാ സകലവും ഞാൻ നവീകരിക്കുന്നു... ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയിൽ നിന്നും സൗജന്യമായി ഞാൻ കൊടുക്കും' (cf:Rev 21:5-6)" അദ്ദേഹം പറഞ്ഞു.
യേശുവിന്റെ ഈ സന്ദേശം നമുക്കെല്ലാവർക്കും സമാധാനത്തിന്റെയും സമന്വയത്തിന്റെയും പാത തുറക്കുവാൻ ആത്മവിശ്വാസം നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ട് പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.