News - 2025

നോട്ടിങ്ഹാം അഭിഷേകാഗ്നി കൺവൻഷൻ: സംഘാടകർക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം.

പ്രത്യേക ലേഖകൻ 21-07-2015 - Tuesday

1 : ജൂലൈ പതിനൊന്നാം തിയതി ശനിയാഴ്ച, നോട്ടിങ്ഹാം അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ പിഞ്ചു ബാലിക കാറപകടത്തിൽ മരണമടയുകയും അതേത്തുടർന്ന് ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും കൺവെൻഷൻ സംഘാടകർക്കെതിരെ നടത്തുകയും ചെയ്ത ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രവാചക ശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ അന്വേഷണത്തിന്റെ വിശദാംശങ്ങൾ:

അപകടം നടന്ന സ്ഥലം:

ഈ ദാരുണമായ അപകടം നടന്നത് കൺവെൻഷൻ സെന്ററായ നോട്ടിങ്ഹാം അരീനയുടേയോ സെഹിയോൻ യുകെ ടീം അംഗങ്ങളുടെയോ നിയന്ത്രണത്തിൻ കീഴിലുള്ള സ്ഥലത്തല്ല. തികച്ചും കൺവെൻഷൻ സെന്ററിന്റെ കോമ്പൗണ്ടിനു വെളിയിൽ വെച്ച് നടന്ന ഒരു അപകടമരണത്തിന് സംഘാടകർ ഉത്തരവാദികളാവുന്നില്ല. പോലീസ് നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് BBC റിപ്പോർട്ട് ചെയ്തിരിക്കുന്നത്- നോട്ടിംഹാം അരീനയ്ക്ക് പുറത്തുള്ള Side Road ൽ വച്ച് അപകടം നടന്നു എന്നാണ്. BBC റിപ്പോർട്ടിന്റെ LINK താഴെ കൊടുത്തിരിക്കുന്നു.

click here.

പ്രാർത്ഥിച്ചില്ല എന്ന ആരോപണം:

പ്രവാചകശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുവാൻ സാധിച്ചത് സോജി അച്ചൻ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു എന്നു തന്നെയാണ്. അതിന് തെളിവായി നോട്ടിങ്ഹാം കൺവെൻഷനിൽ വച്ച് സോജി അച്ചൻ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്ന വീഡിയോ Link താഴെ കൊടുത്തിരിക്കുന്നു.

click here.

സംഭവം നടന്ന നിമിഷം മുതൽ സെഹിയോൻ യു.കെ യുടെ ഒരു പ്രത്യേക ടീം ഈ കുഞ്ഞിനുവേണ്ടി ദൈവത്തിന്റെ മുൻപിൽ നിലവിളിച്ചു പ്രാർത്തിക്കുകയായിരുന്നു. പക്ഷെ ദൈവം ആ കുഞ്ഞിനെ തൻറെ അടുത്തേക്ക് വിളിച്ചു. കഴിഞ്ഞ ശനിയാഴ്ച അനേകം വിശ്വാസികളുടെ കണ്ണുനീരിൽ കുതിര്ന്ന പ്രാർത്ഥനകളോടെ ആ കുഞ്ഞു മാലാഖയെ സഭ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിച്ചു ആ കുഞ്ഞു മാലാഖയുടെ വേർപാടിൽ വേദനിക്കുന്ന മാതാപിതാക്കളുടേയും ബന്ധു ജനങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പ്രവാചക ശബ്ദവും പങ്കുചേരുന്നു.

എന്തുകൊണ്ട് അപകട വിവരം മറച്ചു വെച്ചു?

കുട്ടികളെ സംരക്ഷിയ്ക്കുന്നതിനാവശ്യമായ നിയമങ്ങൾ ശക്തമായി നിലനില്ക്കുന്ന ഒരു രാജ്യമാണ് ബ്രിട്ടൻ. ഈ രാജ്യത്ത് വച്ച് നടക്കുന്ന ഒരു കൺവെൻഷൻ വ്യക്തമായും കൃത്യമായും ഈ നിയമങ്ങൾ അനുസ്സരിച്ച് മാത്രമേ നടത്തുവാൻ സാധിക്കൂ. UK യിൽ നിലനില്ക്കുന്ന Child Protection Act പ്രകാരം കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തുവാൻ നിയമം അനുവദിക്കുന്നില്ല. പ്രത്യേകിച്ച് ഒരു അപകടം കഴിഞ്ഞ് പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് പതിനായിരക്കണക്കിനു വരുന്ന ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തിയാൽ അത് ഗുരുതരമായ നിയമലംഘനവുമാണ്.

പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിലച്ചൻ:

ഈ സംഭവത്തിനു ശേഷം സോഷ്യൽ മീഡിയകളിൽ വന്ന ഒരു കമന്റ് ആണ്. പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിലച്ചൻ എന്തുകൊണ്ട് ഈ കുഞ്ഞിന്റെ രോഗം മാറ്റിയില്ല? . അപ്പോൾ ഇതെല്ലാം ഒരു തട്ടിപ്പല്ലേ? ഇവിടെ രോഗം മാറ്റുന്നത് വട്ടായിലച്ചനല്ല. ഇവിടെയെന്നല്ല ഒരു ധ്യാനശുശ്രൂഷകളിലും രോഗം മാറുന്നതും അത്ഭുതങ്ങൾ നടക്കുന്നതും ധ്യാന ഗുരുക്കന്മാരുടെ കഴിവുകൊണ്ടോ അവരുടെ ജീവിത വിശുദ്ധികൊണ്ടോ അല്ല. സർവ്വശക്തനായ ദൈവം ആണ് ഇതെല്ലാം പ്രവർത്തിക്കുന്നത്. ധ്യാനഗുരുക്കന്മാർക്ക് ദൈവം കൊടുത്തിരിക്കുന്ന പ്രത്യേക വിളിയും നിയോഗവുമനുസരിച്ച് യേശുക്രിസ്തുവിന്റെ നാമത്തിൽ അവർ പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ദൈവം ആണ്.

പ്രാർത്ഥിക്കുമ്പോഴെല്ലാം അത്ഭുതം പ്രവർത്തിക്കുമെന്നും രോഗം മാറുമെന്നും കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു ധ്യാനകേന്ദ്രവും അവകാശപ്പെടുന്നില്ല. രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാം എന്നു മാത്രമേ അവർ വഗ്ദാനം ചെയ്യുന്നുള്ളൂ. ഈ അദ്ഭുതങ്ങൾ 2015ൽ മാത്രമല്ല നടക്കുന്നത്. ബൈബിളിൽ ഉല്പ്പത്തി പുസ്തകം മുതൽ വെളിപാടു വരെ നോക്കിയാൽ, എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം പ്രവര്ത്തിക്കുന്ന ദൈവമാണ്. അവിടുന്നു നിഷ്ക്രിയനായ ദൈവമല്ല. പിന്നീട് സഭയുടെ ചരിത്രം പരിശോധിച്ചാൽ ക്രിസതു അപ്പസ്തോലന്മാരിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ ഉയർപ്പിക്കുകപോലും ചെയ്ത നിരവധി വിശുദ്ധർ സഭയിലുണ്ടായിരുന്നുവെന്നത് ഒരു ചരിത്ര സത്യമാണ്. മരിച്ചവനെ ഉയർപ്പിക്കുന്നതും ജലദോഷം മാറ്റുന്നതും ദൈവത്തിന് ഒരുപോലെയാണ്. തന്റെ വചനത്തിലൂടെയാണ് അവിടുന്ന് അത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ദൈവം ഈ ലോകത്തിൽ ഇന്നു പ്രവർത്തിക്കുന്നു എന്നതിനടയാളമായി അവിടുന്ന് ധ്യാന ശുശ്രൂഷകളിലൂടെ നല്കുന്ന രോഗ ശാന്തികളേയും അത്ഭുതങ്ങളേയും പരിഹസിക്കുമ്പോൾ ദൈവത്തെ തന്നെയാണ് പരിഹസിക്കുന്നത്.

സെഹിയോൻ ടീം എന്തുകൊണ്ട് മൗനം പാലിച്ചു?

സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ സെഹിയോൻ ടീം, Social Media യിലൂടെ ഈ പിഞ്ചു ബാലികയുടെ മരണം മൂലം കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയും ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സെഹിയോൻ ടീം നടത്തുന്നത് ഒരു ആത്മീയ ശുശ്രൂഷയാണ്. അതായത്, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിന്റെ പ്രവർത്തനം കൊണ്ട് തരണം ചെയ്യുന്ന ശുശ്രൂഷകൾ. വട്ടായിൽ അച്ചനും, സോജി അച്ചനും ഒക്കെ ആത്മീയ മനുഷ്യരാണ്. ആത്മീയ മനുഷ്യർ ആരോപണങ്ങളെ നേരിടുന്നത് പത്രസമ്മേളനം വിളിച്ചുകൂട്ടിയല്ല. ദൈവത്തിന്റെ മുൻപിൽ ആത്മപരിശോധന ചെയ്തും അന്യായമായി കുറ്റം ആരോപിക്കുന്നവരോട് ക്ഷമിച്ച് അവരെ സ്നേഹിച്ചു പ്രർത്ഥിച്ചുകൊണ്ടുമാണ്. ഭൗതീക മനുഷ്യരാണ് ഇതുപോലെയുള്ള ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും തങ്ങളുടെ ഭാഗത്താണ് ശരി എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാനുമായി വ്യഗ്രത കാട്ടുന്നത്. ഇവർ ആത്മീയ മനുഷ്യരായതിനാൽ മറ്റുള്ളവർ നല്ലവരെന്നു പറയുമ്പോൾ ആവേശം കൊള്ളുകയോ കുറ്റക്കാർ എന്നു പറയുമ്പോൾ തീവ്രമായി ദു:ഖിക്കുകയോ ചെയ്യാറില്ല.

ഇവരുടെ പ്രവർത്തിയുടെ അടിസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ്. ഇവർ നടത്തുന്ന ശുശ്രൂഷകളിലേയ്ക്ക് ആളുകളെ കൂട്ടികൊണ്ടുവരുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നുവെങ്കിൽ ഇവരുടെ ശുശ്രൂഷകളിലേയ്ക്ക് ഇനിയും ആളുകൾ വരിക തന്നെ ചെയ്യും . പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടയുവാൻ മനുഷ്യന്റെ ചിന്തകൾക്കോ ആരോപണങ്ങൾക്കോ സാധ്യമല്ല.

സെഹിയോൻ ശുശ്രൂഷകളിലെ സുരക്ഷ സംവിധാനങ്ങൾ:

സെഹിയോൻ ടീം നയിക്കുന്ന പതിനാരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ബൈബിൾ കൺവെൻഷനുകളിലെ സുരക്ഷാ സംവിധാനത്തെകുറിച്ചുള്ള ആശങ്കകൾ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവാചക ശബ്ദം വിശദമായ അന്വേഷണം നടത്തി. യു കെ.യിലുള്ള എല്ലാ മെഗാ ബിൽഡിങ്ങുകളും അവിടെ നടക്കുന്ന സമ്മേളനങ്ങളും UK Health and Safety Executive-ൻറെ കീഴിലാണ്. ഈ സമ്മേളനങ്ങൾക്കുള്ള സുരക്ഷാ സംവിധാനവും First Aid ഉം ഒരുക്കേണ്ടത് അതു ബുക്കു ചെയ്യുന്നവരല്ല. പിന്നെയോ അതാതു Building ന്റെ Health and safety Department ആണ്.

അതായത് സെഹിയോൻ യുകെ ഒരു കൺവൻഷനുവേണ്ടി ഏതെങ്കിലും ഒരു അരീന ബുക്ക് ചെയ്താൽ ആ കൺവെൻഷനിലേക്ക് എത്തുന്ന ആളുകളുടെ സുരക്ഷാചുമതല സെഹിയോൻ യുകെ വോളെന്റിയേഴ്സല്ല നിർവഹിക്കുന്നത്. പിന്നെയോ ഓരോ അരീനയുടെയും Security Department ആണ്. അതിനുവേണ്ടി ഒരു ഭീമമായ തുക ഈ അരീന ബുക്ക് ചെയ്യുമ്പോൾ കൊടുത്തുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. ഈ തുക നല്കാതെ അരീന ബുക്ക് ചെയ്യുവാൻ സാധിക്കുകയില്ല. അതോടൊപ്പം തന്നെ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ഇൻഷുറൻസ് തുക മുൻകൂറായി അടക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇതുപോലുള്ള മെഗാ കൺവെൻഷൻ സെന്ററുകൾ ലഭിക്കുകയുള്ളൂ.

അതുപോലെതന്നെയാണു ഈ കൺവെൻഷനുകളിലെ വ്യക്തമായ Program Schedule. ഈ കണ്‍വൻഷൻ ഹാളിൽ എന്തു പ്രഭാഷണമാണ് നടത്തുന്നത് എന്തൊക്കെ activities ആണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അരീനകളുടെ Health and Safety വിഭാഗം Risk Assessment നടത്തുന്നത്. അതുകൊണ്ട് പ്രാർത്ഥനകൾക്കും, ദിവ്യബലിക്കും, ഗാനശുശ്രൂഷകൾക്കും, ഉള്ള സമയവും അതു നടത്തുന്ന വ്യക്തികളുടെ വിവരങ്ങളും അവർ ഏതുതരം പ്രഭാഷണങ്ങളാണ് നടത്തുന്നതെന്നും വ്യക്ത്മായി മുൻകൂട്ടി അവർ രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന Contract Agreement ൽ ഒപ്പുവയ്ക്കുകയും ചെയ്താൽ പിന്നീട് അതിൽനിന്നും അണുവിട ചലിക്കാൻ സെഹിയോൻ ടീമിന് അനുവാദമില്ല. ആത്മീയകാര്യങ്ങളേക്കുറിച്ച് സംസാരിക്കും എന്നു പറഞ്ഞ് Convention Centre book ചെയ്താൽ പിന്നെ അവിടെ രാഷ്ട്രീയ പ്രഭാഷണം നടത്താൻ അനുവാദമില്ല .ഈ ശക്തമായ സംവിധാനത്തിൻ കീഴിൽ ആ കുട്ടിയുടെ അപകടവിവരം അതിനുള്ളിൽ അറിയിക്കുവാനുള്ള അവസരം പോലും നിയന്ത്രണവിധേയമാണ്. കാരണം അത്മീയപ്രഭാഷണങ്ങൾക്കുള്ള Risk Assessment അല്ല അപകട വാർത്തകൾ അവതരിപ്പിക്കുന്നതിനും മറ്റു രീതിയിലുള്ള പ്രഭാഷണങ്ങൾ നടത്തുന്നതിനും ഉള്ള സമ്മേളനങ്ങൾക്കായി നടത്തുന്നത്. എന്തിന് മുൻകൂട്ടി തയ്യാറാക്കിയ plan-ൽ നിന്നും വ്യത്യസ്ഥമായി ഒരു കസേര പോലും മറ്റിയിടാൻ സെഹിയോൻ യുകെ ടീം അംഗങ്ങൾക്ക് അവിടെ അനുവാദമില്ല.

ഇത്രയും കൃത്യമായി അരീനയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇത്തരം കൺവെൻഷനുകൾ നടക്കുന്നത്. പിന്നെ എന്തിനാണ് സെഹിയോൻ യു കെ വോളണ്ടിയേഴ്സ്? അവരുടെ ഉത്തരവാദിത്വം കൺവെൻഷന് എത്തുന്നവരെ സ്വീകരിക്കുക , കുമ്പസാരം, വി.കുർബ്ബാനയുടെ വിതരണം, വി.കുർബ്ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിങ്ങനെയുള്ള, നേരിട്ട് സുരക്ഷപ്രശ്നങ്ങളെ ബാധിക്കാത്തതോ Risk Assessment നടത്തി പൂർണ്ണമായും സുരക്ഷിതമാണ് എന്ന് അരീന ഉദ്യോഗഥർ ഉറപ്പുവരുത്തിയതുമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഓരോ കാര്യങ്ങളും ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുമ്പോൾ പതിനായിരക്കണക്കിന് ജനങ്ങളിൽ ഉളവാകുന്ന മാനസികമായ പ്രത്യാഘാതങ്ങളും അതിൽ നിന്നും ഉളവാകുന്ന വ്യക്തികൾക്കും സമൂഹത്തിനും, ഉണ്ടായേക്കാവുന്ന അപകട സാധ്യതകളും കണക്കിലെടുത്താണ് Risk Assessment നടത്തുന്നത്.

ഇതുപോലെ അനേകായിരങ്ങൾ സമ്മേളിച്ച സ്ഥലങ്ങളിൽ Communication ൽ വന്ന പാളിച്ചകൾ മൂലം ജനങ്ങൾ പരിഭ്രാന്തരായി തിക്കിലും തിരക്കിലും പെട്ട് അനേകം പേർ മരിച്ച സംഭവങ്ങൾ പോലും യൂറോപ്പിൽ ഉണ്ടായിട്ടുള്ളതും അതിന്റെ കേസുകൾ ഇപ്പോഴും കോടതിയിൽ തുടർന്നുവരുന്നുന്നതുമാണ്. അപകടത്തിൽപെട്ട ആ പിഞ്ചു ബാലികയുടെ ജീവന് വില കല്പിക്കുന്നതിനോടൊപ്പം തന്നെ ഡോക്ടർമാർ കയ്യൊഴിഞ്ഞ രോഗികൾ, മക്കളുടെ രോഗം മൂലം വേദനിക്കുന്ന മാതപിതാക്കൾ, ജീവിതത്തിലുണ്ടായ തകർച്ചകൾ മൂലം ജീവിതം വഴിമുട്ടി നില്ക്കുന്നവർ, എന്നു തുടങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ഈ കണ്വ്ൻഷനു വേണ്ടി എത്തിച്ചേർന്നിരുന്നു. ദൈവം മാത്രം അവസാന ആശ്രയം എന്നു കരുതി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ഇവരുടെ ജീവനും പ്രതീക്ഷകൾക്കും വിലയുണ്ടെന്നുള്ള കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്

പ്രവാചകശബ്ദ്ത്തിന് ഈ വിഷയത്തിൽ പ്രത്യേക താല്പര്യങ്ങളോ ഏകപക്ഷികമായ നിലപാടുകളോ ഇല്ല. അതുകൊണ്ടാണ് ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും മെഗാ കൺവെൻഷൻ സെന്ററുകളുടെ സുരക്ഷ സംവിധാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും നിയമ വിദഗ്ദരുമായി കൂടിയാലോചിക്കുകയും ചെയ്ത ശേഷം ഇപ്രകാരം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നത്. തകർന്നുപോയ അനേകം കുടുംബങ്ങൾക്ക് ആശ്വാസം പകരുകയും ആത്മഹത്യയുടെ വക്കിൽനിന്നു പോലും അനേകം വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും, മദ്യത്തിനും, മയക്കുമരുന്നിനും അടിമപെട്ട നിരവധി യുവാക്കളെ പുതിയ നന്മയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത Sehion UK എന്ന പ്രസ്ഥാനത്തിനെതിരെ സത്യവിരുദ്ധവും , യുക്തിക്കു നിരക്കാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച് വിശ്വാസികളെ വഴി തെറ്റിക്കാൻ ചില Online മാദ്ധ്യമങ്ങളും, Social Media എഴുത്തുകാരും ശ്രമിക്കുമ്പോൾ വിശ്വാസികളെ നേരായ പാതയിൽ നയിക്കേണ്ട ഉത്തരവാദിത്വം ഒരു ആത്മീയപത്രം എന്ന നിലയിൽ പ്രവാചക ശബ്ദത്തിനു ണ്ട്.

പാപത്തിന്റെ ചെളികുണ്ടിൽ വീണ അനേകം മനുഷ്യരെ നന്മയിലേക്ക് നയിക്കുകയും അത്ഭുതങ്ങളും, അടയാളങ്ങളും വർഷിച്ചുകൊണ്ട് ദൈവം പ്രവർത്തിക്കുകയും ചെയ്യുന്ന സെഹിയോൻ ശുശ്രൂഷകൾ പരിശുദ്ധാത്മാവ് നയിക്കുന്നതാണ് എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് കേരളാ കത്തോലിക്ക സഭയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സഭാദ്ധ്യക്ഷന്മാരും ഈ ശുശ്രൂഷകളെ പ്രോൽസാഹിപ്പിക്കുന്നത്. ഇങ്ങനെ പരിശുദ്ധാത്മാവ് ഈ കാലഘട്ടത്തിൽ എടുത്തുപയോഗിക്കുന്ന ഒരു പ്രസ്ഥാനത്തിനെതിരെ തൂലിക ചലിപ്പിക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അത് പരിശുദ്ധാത്മാവിനെതിരെ ചെയ്യുന്ന പാപം ആണെന്നു നാം തിരിച്ചറയേണ്ടിയിരിക്കുന്നു. ക്രിസ്തു പറഞ്ഞ വാക്കുകൾ ഇപ്പോൽ നമുക്ക് ഓർക്കാം. "...പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" (മത്തായി 12:32).

More Archives >>

Page 1 of 1