Youth Zone - 2024
മുത്തശ്ശീ മുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുത്: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 28-07-2020 - Tuesday
വത്തിക്കാന്‍ സിറ്റി: വയോധികര്‍ ഓരോരുത്തരുടെയും മുത്തശ്ശനോ മുത്തശ്ശിയോ ആണെന്നും ഭവനങ്ങളിലുള്ള മുത്തശ്ശീ മുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ 26ന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിം, ഹന്ന എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ ദിനത്തില്‍ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം സംസാരിക്കുകയായിരിന്നു പാപ്പ. മുത്തശ്ശീമുത്തശ്ശന്മാർ യുവജനത്തിൻറെ വേരുകളാണ്. വേരിൽ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു വൃക്ഷം വളരുകയോ പുഷ്പ്പിക്കുകയോ ഫലം പുറപ്പെടുവിക്കുകയോ ചെയ്യില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
വയോധികരോട്, വിശിഷ്യ, വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഒറ്റയ്ക്കായിരിക്കുന്നവരും മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ കഴിയുന്നവരുമായ പ്രായാധിക്യത്തിലെത്തിയവരോട് സ്നേഹാർദ്രത പ്രകടിപ്പിക്കണം. പ്രായമായവരില്‍ ഓരോരുത്തരും യുവജനങ്ങളുടെ മുത്തശ്ശിയോ മുത്തശ്ശനോ ആണ്. സ്നേഹത്തിന്റെ കല്പനാശക്തി പ്രകടിപ്പിച്ചുകൊണ്ട്, മുത്തശ്ശീമുത്തശ്ശന്മാരെ ഫോണിൽ വിളിക്കുകയും ദൃശ്യസംവിധാനമുള്ള ഫോണിലൂടെ അവരെ കണ്ടു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങളയക്കുകയും അവരെ ശ്രവിക്കുകയും, ആരോഗ്യസുരക്ഷാ വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ അവരെ സന്ദർശിക്കുകയും ചെയ്യണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.