Faith And Reason
യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം തകര്‍ക്കുന്നത് അതിരു കടന്ന മതേതരവാദം: മിഷ്ണറി വൈദികന്റെ തുറന്നുപറച്ചില്‍
പ്രവാചക ശബ്ദം 10-09-2020 - Thursday
റോം: മതപീഡനത്തേക്കാളും പാശ്ചാത്യ മതനിരപേക്ഷതയാണ് ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് കാല്‍ നൂറ്റാണ്ടായി ആഫ്രിക്കയിലെ മിഷ്ണറി പ്രവര്‍ത്തനത്തില്‍ സജീവമായ ഫാ. മാര്‍ട്ടിന്‍ ലാസര്‍ട്ടെയുടെ തുറന്നുപറച്ചില്‍. കൊറോണ കാലത്തെ കത്തോലിക്ക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ക്രിസ്തു മതം വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും, പരമ്പരാഗത ക്രിസ്ത്യന്‍ മേഖലയായ പാശ്ചാത്യ ലോകത്ത് ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത സലേഷ്യന്‍ സഭാംഗം കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിരുകടന്ന മതേതരവാദം ആഗോളവത്കരണത്തിന്റെ ഫലമാണെന്നും അധികം താമസിയാതെ തന്നെ അത് എല്ലായിടത്തും വ്യാപിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ആധുനിക കാലത്ത് ക്രൈസ്തവ വിശ്വാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വളര്‍ന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ മതനിരപേക്ഷതയാണ്. അത് വിശ്വാസത്തെ ഉന്മൂലനം ചെയ്യുകയാണ്. വര്‍ഷംതോറും 50 മുതല്‍ 60 വരെ സെമിനാരി വിദ്യാര്‍ത്ഥികളെ ലഭിച്ചുക്കൊണ്ടിരുന്ന പോളണ്ടിലെ സലേഷ്യന്‍ സഭക്ക് ഇപ്പോള്‍ വെറും നാലോ അഞ്ചോ വിദ്യാര്‍ത്ഥികളെ മാത്രമാണ് ലഭിക്കുന്നതെന്ന വസ്തുതയും അദ്ദേഹം വെളിപ്പെടുത്തി.
ലാറ്റിന്‍ അമേരിക്കയും മതേതര വാദത്തിന്റെ പാതയിലാണെന്നു അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി ഉടലെടുത്ത വിടവ് ഇവാഞ്ചലിക്കല്‍ സഭകളാണ് ഒരു പരിധിവരെ നികത്തുന്നത്. പാശ്ചാത്യ ലോകം അധികം താമസിയാതെ മുസ്ലീം ഭൂരിപക്ഷ മേഖലയായി മാറും. അഭയാര്‍ത്ഥികള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രണ്ടര ലക്ഷത്തോളം ക്രൈസ്തവര്‍ ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫാ. മാര്‍ട്ടിന്‍ പറഞ്ഞു.
ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദവും, ചൈനയിലെ മതപീഡനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ക്രൈസ്തവന് പാര്‍ട്ടിയല്ല മറിച്ച് വിശ്വാസമാണ് പ്രഥമ സ്ഥാനത്തുണ്ടാവേണ്ടതെന്ന് ചൈനയിലെ പാട്രിയോട്ടിക് അസോസിയേഷനെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം തുറന്നടിച്ചു. ഉറുഗ്വേ സ്വദേശിയായ ഫാ. മാര്‍ട്ടിന്‍ ആമസോണ്‍ മെത്രാന്‍മാരുടെ സിനഡില്‍ പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക