News

ഫാദര്‍ ടോം സുരക്ഷിതനെന്നു സര്‍ക്കാര്‍; മോചനത്തിനു വേണ്ടിയുള്ള അവസാന ശ്രമങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 19-05-2016 - Thursday

ന്യൂഡല്‍ഹി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. വൈദികന്റെ ജീവന് ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും, അദ്ദേഹത്തെ മോചിപ്പിക്കുവാനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈദികന്റെ മോചനത്തിനായി ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പാലാ രാമപുരം സ്വദേശിയാണു ഫാദര്‍ ടോം ഉഴുന്നാലില്‍.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൈദികന്റെ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വൈദികന്‍ സുരക്ഷിതനാണെന്നു സഭയും കരുതുന്നു. ഐഎസ് തീവ്രവാദികളാണു വൈദികനെ തട്ടിക്കൊണ്ടു പോയതെന്നാണു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ യെമനില്‍ സജീവമായി നിലയുറപ്പിച്ച മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പായിരിക്കാം സംഭവത്തിനു പിന്നിലെന്നാണു സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നത്. ഇറാന്റെ പിന്തുണയോടെ യെമന്‍ സര്‍ക്കാറിനെതിരെ പോരാടുന്ന ഹൂതി വിമതരിലേക്കാണു സംശയത്തിന്റെ മുന നീളുന്നത്.

തെക്കന്‍ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പിതാവ് വിഷയത്തില്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്."ഫാദര്‍ ടോമിന്റെ വിഷയത്തില്‍ ഞങ്ങള്‍ക്കു പുതിയ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. അദ്ദേഹത്തിന്റെ മോചനങ്ങള്‍ക്കായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണു സഭ". യുണൈറ്റഡ് അറബ് എമറൈറ്റ്‌സ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ബിഷപ്പാണ് പോള്‍ ഹിന്‍ഡര്‍.

യെമന്‍ തലസ്ഥാനമായ സനായില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന മദര്‍തെരേസ ഹോമിലാണു ഫാദര്‍ ടോം സേവനം ചെയ്തിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് അവിടെ നടന്ന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നാലു പേര്‍ കന്യാസ്ത്രീകളാണ്. ഇതേ ദിവസമാണ് അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടു പോയത്. മലയാളിയായ സിസ്റ്റര്‍ സാലി ആക്രമണത്തില്‍ നിന്നും അത്ഭുതകരമായാണു രക്ഷപെട്ടത്.

More Archives >>

Page 1 of 39