News - 2025

കുടുംബ ബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സരാഹ്

സ്വന്തം ലേഖകന്‍ 19-05-2016 - Thursday

വാഷിംഗ്ടണ്‍: കുടുംബബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തുവാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സരാഹ്. വാഷിംഗ്ടണ്ണില്‍ നടന്ന ദേശീയ കത്തോലിക്ക പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം കുടുംബബന്ധങ്ങളെ കുറിച്ചുള്ള സഭയുടെ കാഴ്ചപാടുകള്‍ പങ്കുവച്ചത്. ദൈവത്തില്‍ നിന്നും മനുഷ്യനെ അകറ്റുന്ന തരത്തിലുള്ള ആശയങ്ങളുടെ വന്‍ പ്രചാരണം ലോകത്തു നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"സുവിശേഷം ആദ്യം പ്രസംഗിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും കുടുംബങ്ങളിലാണ്. ദമ്പതിമാരിലൂടെ വെളിവാകുന്ന സ്‌നേഹം മക്കളെ സ്വാധീനിക്കുന്നു. അവര്‍ ഈ സ്‌നേഹ തണലില്‍ വളര്‍ന്നു വരുന്നതു സമൂഹത്തിനു ഗുണകരമാകുന്നു. ക്രിസ്തു സ്‌നേഹത്തിന്റെ ഫലകരമായ വിളവെടുപ്പു നടക്കുന്നതു കുടുംബങ്ങളിലാണ്". കര്‍ദിനാള്‍ റോബര്‍ട്ട് സരാഹ് പറഞ്ഞു.

വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുക, സ്വവര്‍ഗ ലൈംഗീകത, സ്വവര്‍ഗ വിവാഹം, ഭ്രൂണഹത്യ തുടങ്ങിയ പല മാരകമായ പാപങ്ങളും നമ്മുടെ സമൂഹത്തില്‍ ഇന്നു വ്യാപകമായി കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദിനാള്‍ ക്രൈസതവ സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും ആഹ്വാനം ചെയ്തു. സാമൂഹികമായ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നതു കുടുംബ ബന്ധങ്ങള്‍ തകരുമ്പോളാണെന്നും കര്‍ദിനാള്‍ ചൂണ്ടികാട്ടി.

"ക്രൈസ്തവര്‍ക്കു നേരെ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അഴിച്ച് വിടുന്നവര്‍ ശാരീരികമായ ആക്രമണം മാത്രമല്ല ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയമായും സാംസ്‌കാരികമായും ആശയപരമായുമുള്ള ആക്രമണമാണ് ലക്ഷ്യമിടുന്നത്". കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാമത് ദേശീയ പ്രാര്‍ത്ഥനാ വാരത്തില്‍ നിരവധി പ്രശസ്തരായ ബിഷപ്പുമാരും പ്രസംഗകരും പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 40