News - 2025
2018-ല്‍ ഫ്രാന്‍സിസ് മാർപാപ്പ അയർലന്‍ഡ് സന്ദര്‍ശിക്കും; സന്തോഷത്തോടെ ഐറിഷ് ജനത
സ്വന്തം ലേഖകന്‍ 20-05-2016 - Friday
വത്തിക്കാന്‍: 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അയർലന്‍ഡ് സന്ദര്‍ശിക്കുമെന്നു ഡുബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മുയിഡ് മാര്‍ട്ടിന്‍. ലോക കുടുംബദിന സമ്മേളനത്തില്‍ പങ്കെടുക്കുക എന്നതായിരിക്കും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതു സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ വത്തിക്കാനില്‍ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ അറിയിച്ചു. പാപ്പയെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുകയാണു വിശ്വാസികള്‍.
"ഞാന്‍ വരും...ഞാന്‍ എന്തിയില്ലെങ്കില്‍ എന്റെ പിന്‍ഗാമിയാരാണോ അദ്ദേഹം വരും.." അയർലന്‍ഡില്‍ സന്ദര്‍ശനം നടത്തണമെന്ന ആവശ്യത്തോടു ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വാക്കുകള്‍ ഐറിഷ് ജനതയിലുണ്ടാക്കുന്ന സന്തോഷത്തിന് അതിരുകളില്ല. 2018-ലെ പരിശുദ്ധ പിതാവിന്റെ അജന്‍ഡയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഇതു മാറിയിരിക്കുകയാണ്. 1979-ല്‍ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അയർലന്‍ഡ് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഉടലെടുത്ത ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ജോണ്‍ പോള്‍ രണ്ടാമനു വടക്കന്‍ രാജ്യങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിരുന്നില്ല.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതിരുന്ന വടക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ട്. ഫിലാഡല്‍ഫിയായില്‍ വച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അയർലന്‍ഡ് സന്ദര്‍ശനത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയത്. അയർലന്‍ഡിലെ ഏറ്റവും പ്രശസ്തമായ ക്‌നോക് ദേവാലയത്തിലും ആശ്രമങ്ങളിലും പാപ്പ സന്ദര്‍ശനം നടത്തുമെന്നും കരുതപ്പെടുന്നു. നിരവധി വിശ്വാസികള്‍ മാര്‍പാപ്പ ആര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ പങ്കാളികളാകുമെന്ന കാര്യം ഇതിനോടകം തന്നെ ഉറപ്പായിരിക്കുകയാണ്.