Faith And Reason

പെറുവില്‍ 'അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ പര്യടനം': വ്യോമസേനയും സൈന്യവും അടക്കം വരവേറ്റത് പതിനായിരങ്ങൾ

പ്രവാചക ശബ്ദം 20-10-2020 - Tuesday

ലിമാ, പെറു: തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ അഭിമാനസ്തംഭമായ അത്ഭുതങ്ങളുടെ നാഥനായ ക്രിസ്തുവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” (ലോര്‍ഡ്‌ ഓഫ് മിറക്കിള്‍സ്) പ്രദക്ഷിണം നടന്നു. പെറുവില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഇരുണ്ട നിറമുള്ള ക്രിസ്തുവിന്റെ ചിത്രവും വഹിച്ചുകൊണ്ട് ഒക്ടോബര്‍ 18 ഞായറാഴ്ച വടക്കന്‍ പെറുവിലെ പിയൂര നഗരവീഥിയിലൂടെ നടത്തിയ പര്യടനം ആയിരങ്ങളാണ് തങ്ങളുടെ ഭവനങ്ങളില്‍ നിന്നുകൊണ്ട് വീക്ഷിച്ചത്. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് നാഷ്ണല്‍ പോലീസിന്റെ സഹായത്തോടെ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പര്യടനം സംഘടിപ്പിച്ചത്. പെറുവിലെ ഏറ്റവും വലിയ വാര്‍ഷിക ആഘോഷങ്ങളിലൊന്നാണ് “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” പ്രദക്ഷിണം.

ന്യൂയെസ്ട്രാ സെനോരാ ഡെ ലാസ് മെഴ്സിഡെസ് ആര്‍ച്ച്എപ്പിസ്കോപ്പല്‍ ചാപ്പലില്‍ നിന്നും ആരംഭിച്ച പര്യടനം പിയൂരയിലെ കത്തീഡ്രലിലൂടെയാണ് കടന്നു പോയത്. തങ്ങളുടെ വീടുകളുടെ ബാല്‍ക്കണികളിലും, വാതിലുകൾക്കും ജനാലകൾക്കും അരികെയും മേല്‍ക്കൂരകളിലും നിന്നുകൊണ്ട് ആയിരങ്ങള്‍ കൈവീശിയും, മുട്ടുകുത്തിയും, ബലൂണുകള്‍ പറത്തിയും, സ്തുതി ഗീതങ്ങള്‍ ആലപിച്ചും അത്ഭുതങ്ങളുടെ നാഥനെ വരവേറ്റു. പെറു എയര്‍ ഫോഴ്സും, സൈന്യവും, സാന്താ ജൂലിയ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും നേഴ്സുമാരും അത്ഭുതങ്ങളുടെ കര്‍ത്താവിന് ആദരവ് അര്‍പ്പിക്കുകയുണ്ടായി. അപോയോ II സാന്റാ റോസാ ആശുപത്രിയുടെ മുന്നില്‍ പര്യടനമെത്തിയപ്പോള്‍ പിയൂര മെത്രാപ്പോലീത്ത മോണ്‍. ജോസ് അന്റോണിയോ എഗൂരെന്‍ ആശുപത്രിയില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി.

മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പര്യടനം ആരംഭിച്ചത്. മൂന്ന്‍ നൂറ്റാണ്ടിലധികം പെറുവിന്റെ ചരിത്രത്തിലെ പല വലിയ ദുരന്തങ്ങളില്‍ നിന്നും, ഭൂകമ്പങ്ങളില്‍ നിന്നും അത്ഭുതങ്ങളുടെ കര്‍ത്താവ് പെറു ജനതയെ രക്ഷിക്കുകയും ആശ്വാസം പകരുകയും ചെയ്തിട്ടുണ്ടെന്ന് വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത സ്മരിച്ചു.

ഈ മഹാമാരിയില്‍ നിന്നും കര്‍ത്താവ് നമ്മളെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭാഷയില്‍ ‘സെനോര്‍ ഡെ ലോസ് മിലാഗ്രോസ്’ എന്നറിയപ്പെടുന്ന “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” ചിത്രം പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അജ്ഞാതനായ ആഫ്രിക്കന്‍ അടിമയാല്‍ വരക്കപ്പെട്ടതാണെന്നാണ്‌ കരുതപ്പെടുന്നത്. നിരവധി ഭൂകമ്പങ്ങളെ അതിജീവിച്ച ചരിത്രവും ഈ ചിത്രത്തിനുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 44