Faith And Reason - 2024
ദൈവ കരുണയില്ലെങ്കില്‍ നമ്മള്‍ അവസാനിച്ചു: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍
പ്രവാചക ശബ്ദം 23-02-2021 - Tuesday
അബൂജ: നൈജീരിയയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നോമ്പുകാലം മുഴുവനും പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി വിവിധ മെത്രാന്മാര്‍. വിഭൂതി തിരുനാള്‍ ദിനമായ ഫെബ്രുവരി 17ന് തങ്ങളുടെ രൂപതകളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗങ്ങളിലൂടെയായിരുന്നു മെത്രാന്മാരുടെ ആഹ്വാനം. നൈജീരിയ ശരിക്കും പ്രതിസന്ധിയിലാണെന്നും ദൈവകാരുണ്യം ആവശ്യമാണെന്നും ദൈവകരുണ ചൊരിഞ്ഞില്ലെങ്കില്‍ നമ്മള്‍ അവസാനിച്ചുവെന്നും ഓയോവിലെ ബിഷപ്പ് ഇമ്മാനുവല്‍ അഡെട്ടോയിസ് ബഡേജോ പറഞ്ഞു. അഴിമതി, മോശം ഭരണം, ഉദ്യോഗസ്ഥവൃന്ദങ്ങളിലെ കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അനീതി, പൊതുമുതലിന്റെ കളവ്, മോചനദ്രവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയ്ക്കെല്ലാം നൈജീരിയക്കാര്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ക്കിരയാകുന്നവരെ കണ്ടെത്തി സഹായിക്കേണ്ടിയിരിക്കുന്നു.
സത്യസന്ധതയോടും, ധൈര്യത്തോടും, ലക്ഷ്യബോധത്തോടും കൂടി രാജ്യത്തെ നയിക്കുവാനും, അനീതി, അക്രമം, രക്തച്ചൊരിച്ചില്‍ എന്നിവ അവസാനിപ്പിക്കാനും അദ്ദേഹം നൈജീരിയന്‍ നേതാക്കളോട് ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയും, ഉപവാസവും, ദാനധര്‍മ്മങ്ങളും നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്ന്‍ ചൂണ്ടിക്കാട്ടിയ ഔച്ചി രൂപതയിലെ ബിഷപ്പ് ഗബ്രിയേല്‍ ഘിയാക്കൊമോ നോമ്പ് കാലത്തെ 40 ദിവസത്തെ ആരാധനയില്‍ പങ്കെടുത്ത് രാജ്യത്തു സമാധാനവും സുസ്ഥിരതയും പുലരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ അരക്ഷിതാവസ്ഥക്കെതിരേയും, നേതൃപദവികളിലിരിക്കുന്നവര്‍ക്കും വേണ്ടിയും കൂടുതലായി പ്രാര്‍ത്ഥിക്കണമെന്ന്‍ യോളായിലെ ബിഷപ്പ് സ്റ്റീഫന്‍ ഡാമി മംസ വിശ്വാസികളോടു ആഹ്വാനം ചെയ്തപ്പോള്‍, വിഭൂതി തിരുനാളില്‍ നെറ്റിയില്‍ കുരിശ് വരക്കുന്നതും വെള്ളിയാഴ്ചകളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതും മാത്രമല്ല, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും കാലം കൂടിയാണ് നോമ്പുകാലമെന്ന്‍ സോകൊട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുകാ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് നൈജീരിയ. ഓരോ ദിവസവും നടക്കുന്ന ക്രൈസ്തവ നരഹത്യ രാജ്യത്തെ ക്രൈസ്തവരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക