Seasonal Reflections - 2024

വിശുദ്ധ യൗസേപ്പിതാവിന്റെ അർപ്പിതമനസ്സ്

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 26-03-2021 - Friday

ദൈവത്തിന്റെ യഥാർത്ഥ ദാസന്മാർ ആത്മത്യാഗത്തിൻ്റെ മനുഷ്യരാണ്. ഒന്നും പിടിച്ചു വയ്ക്കാതെ തങ്ങളെത്തന്നെ ദൈവത്തിൻ്റെ പരിപാലനയ്ക്കു മുമ്പിൽ അർപ്പിക്കാൻ അവർ തെല്ലും വൈമനസ്യം കാണിച്ചില്ല. ഈ സമർപ്പണത്തിന്റെയും ആത്മത്യാഗത്തിൻ്റെ ഉദാത്ത മാതൃകയാണ് യൗസേപ്പിതാവ്. യൗസേപ്പിതാവിന്റെ അർപ്പിതമനസ്സ് അതിൻ്റെ ഉറവിടത്തിൽത്തന്നെ ശുദ്ധമായിരുന്നു. ദൈവകൃപയോടുള്ള വിശ്വസ്തതയിലും മറിയത്തോടും എല്ലാറ്റിനും ഉപരി അവതരിച്ച വചനത്തോടുള്ള അപ്പർണ ചൈതന്യത്തിലും ആ പിതാവ് എല്ലാ വിശുദ്ധാത്മാക്കളിലും ഒന്നാമനായി.

കുലീനവും ഉദാരവുമായ ഹൃദയം ഉണ്ടായിരുന്നതിനാൽ യൗസേപ്പ് ആത്മ ത്യാഗിയായി. നീതിയിലൂടെയും കൃതജ്ഞതയിലൂടെയും അർപ്പണബോധത്തിനു പുതിയ മാനം നൽകിയ യൗസേപ്പ് ദൈവത്തിൽ നിന്നു എല്ലാം സ്വീകരിച്ച് എല്ലാം ദൈവത്തിനു തന്നെ നൽകണമെന്നും ദൈവം നമ്മോടു ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്നും നിർബദ്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. അവിടെ മാനുഷിക ചിന്തകൾ അവനെ തളർത്തുകയോ പിൻതിരിപ്പിക്കുകയോ ചെയ്തില്ല.

പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോട് ആത്മാവിൽ തുറവി ഉണ്ടായിരുന്ന യൗസേപ്പിതാവ് നന്മ ചെയ്യാൻ ഏതു സാഹചര്യത്തിലും വലിയ ഉദാരത കാട്ടിയിരുന്നു. ഈശോയുടെ വിശ്വസ്തനായ അനുകരണിയായി അവൻ അർപ്പിതമാനസം വിശാലമാക്കി. ദൈവമഹത്വത്തിനും മനുഷ്യരക്ഷയ്ക്കുമായി സ്വയം സമർപ്പിച്ച യൗസേപ്പിതാവ് മറിയത്തിന്റെ സംരക്ഷണത്തിനും ഉണ്ണീശോയെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർത്തുന്നതിലും നിരന്തര കർത്തവ്യനിരതനായി.

വിശാലവും വിശുദ്ധവും കുലീനവുമായ യൗസേപ്പിതാവിന്റെ അർപ്പിതമാനസം ദൈവത്തിനും സഹാദരങ്ങൾക്കും വേണ്ടി സ്വയം അർപ്പിക്കാൻ നമുക്കു പ്രചോദനമാകട്ടെ.

More Archives >>

Page 1 of 11