News
തങ്ങൾക്കു ചെയ്യുവാന്‍ സാധിച്ച വലിയ പ്രവര്‍ത്തികളുടെ എണ്ണം എടുക്കേണ്ടവരല്ല വൈദികർ: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 04-06-2016 - Saturday
വത്തിക്കാന്‍: വൈദികർ തങ്ങൾക്കു ചെയ്യുവാന്‍ സാധിച്ച വലിയ പ്രവര്‍ത്തികളുടെ എണ്ണം എടുക്കേണ്ടവരല്ലന്നും, മറിച് സന്തോഷവും, ധൈര്യവും, ഉറപ്പുമുള്ള നല്ല ഇടയന്‍മാരായി സേവനം ചെയ്യേണ്ടവരാന്നന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദികര്‍ക്കു വേണ്ടി മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട ധ്യാനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ചത്തെ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആയിരക്കണക്കിനു വൈദികരും സെമിനാരി വിദ്യാര്‍ധികളും പങ്കെടുത്തു. മൂന്നു ദിവസമായി നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും പങ്കെടുത്ത വൈദികര്‍ നവോന്‍മേഷത്തോടെയാണു തങ്ങളുടെ സേവനപാതകളിലേക്ക് മടങ്ങിയത്.
"ദൈവജനത്തെ നയിക്കുന്ന വൈദികര്‍ക്ക് സ്വാർത്ഥമായ ചിന്തകള്‍ വെടിയുവാൻ സാധിക്കണം. തനിക്ക് എന്തെല്ലാം നേടുവാന്‍ സാധിച്ചുവെന്നും എത്ര വലിയ പ്രവര്‍ത്തികള്‍ തനിക്കു ചെയ്യുവാന്‍ സാധിച്ചുവെന്നും എണ്ണി ജീവിതം തീര്‍ക്കേണ്ടവരല്ല പുരോഹിതര്‍. മറിച്ച്, നല്ല സമരിയാക്കാരായി മാറേണ്ടവരാണ്. തങ്ങളെ കൊണ്ട് ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്പെടേണ്ട നല്ല സമരിയാക്കാര്‍". പാപ്പ പറഞ്ഞു. വൈദികരെ ദൈവജനം ഒരു പരിശോധകനായല്ല കാണുന്നതെന്നും, മറിച്ച് തങ്ങളെ മുന്നോട്ട് നയിക്കുന്ന, തങ്ങള്‍ക്കു വേണ്ടി നൂറു ശതമാനവും സമര്‍പ്പിക്കപ്പെട്ട ഇടയന്‍മാരായാണു കാണുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
"വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇടയന്‍മാര്‍ മാത്രമായി വൈദികര്‍ മാറരുത്. വാതിലിലൂടെ പ്രവേശിക്കുവാന്‍ മടിച്ചു നില്‍ക്കുന്ന ആടുകളെ അതിലേക്ക് കൂട്ടിക്കൊണ്ടു വരുന്നവരായി വൈദികര്‍ തീരണം. പ്രതിസന്ധികള്‍ വരുമ്പോള്‍ പ്രവര്‍ത്തനം ഉപേക്ഷിക്കാതെ, ശത്രുവിനെ ഭയപ്പെടാത്ത ഇടയന്‍മാരായി നിലനില്‍ക്കുവാന്‍ വൈദികര്‍ക്കു സാധിക്കണം". അദ്ദേഹം പറഞ്ഞു. ഈശോയുടെ തിരുഹൃദയത്തിലേക്ക് തങ്ങളെതന്നെ സമര്‍പ്പിച്ചുകൊണ്ട് വൈദികര്‍ അവിടുത്തെ സ്‌നേഹത്താല്‍ നിറയണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവത്തിന്റെ ഹൃദയത്തിനു മുന്നില്‍ നിര്‍ക്കുന്ന വൈദികരായ നമ്മേ ആയിരിക്കുന്ന അവസ്ഥയില്‍ അവിടുന്നു മനസിലാക്കുന്നുണ്ട്. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും എല്ലാം അവിടുത്തെ മുന്നിലുണ്ട്. നാം തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ബോധ്യം നമുക്ക് ആവശ്യമാണ്. ദൈവം നമ്മേ സമൃദ്ധമായി സ്‌നേഹിക്കുന്നു". ദൈവസ്‌നേഹത്തെ കുറിച്ച് പാപ്പ വിശദീകരിച്ചു.
"നല്ലയിടയനായ യേശുവിന്റെ തിരുഹൃദയം നമ്മോടു പറയുന്നത് അവിടുത്തെ സ്‌നേഹത്തിന് അവസാനമില്ലെന്നാണ്. അത് ഒരിക്കലും തീര്‍ന്നുപോകാത്ത സ്‌നേഹമാണ്. ദൈവം തന്നെ നമുക്കായി നല്‍കിയ പരമകാരുണ്യം മനസിലാക്കുവാന്‍ ഇവിടെ എല്ലാവര്‍ക്കും സാധിക്കും. ഈ സ്‌നേഹം ദൂരെ നില്‍ക്കുന്ന ആളുകളെ കൂട്ടിക്കൊണ്ടു വരുന്നതാണ്". പാപ്പ പറഞ്ഞു. വ്യക്തികളെ അന്വേഷിച്ച് കണ്ടെത്തുവാനും അവരെ കൂട്ടിക്കൊണ്ടു വരുവാനും അവര്‍ക്ക് സന്തോഷം പകര്‍ന്നു നല്‍കുവാനും വൈദികരോട് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. തന്റെ ആടുകളെ ദൈവം തിരയുന്നത്പോലെ വൈദികരും ഭയമോ ആസൂയയോ പകയോ കൂടാതെ ആളുകളെ തെരയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സുരക്ഷിതത്വം ഇടയന് ഒരിക്കലും പ്രശനമല്ലെന്നു പറഞ്ഞ മാര്‍പാപ്പ വൈദികര്‍ തങ്ങളുടെ സുരക്ഷിതമായ മേഖലകളില്‍ നിന്നു മാറി വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിലേക്ക് ഇറങ്ങണമെന്നും വൈദികര്‍ ആരെയും അവഗണിക്കരുതെന്നും ആഹ്വാനം ചെയ്തു."വൈദികര്‍ തങ്ങളുടെ ചിരിയില്‍ നിന്നും, പ്രാര്‍ത്ഥനയില്‍ നിന്നും, ഹൃദയത്തില്‍ നിന്നും ആരേയും അകറ്റി നിര്‍ത്തുവാന്‍ പാടില്ല. കത്തോലിക്ക സഭയിലെ വൈദികര്‍ എല്ലാവരെയും സ്വീകരിക്കുന്നവരായിരിക്കണം. മാലിന്യത്തിലും അഴുക്കിലും കിടക്കുന്നവരെ എടുത്ത് ഉയര്‍ത്തുവാന്‍ വേണ്ടി തങ്ങളുടെ കൈകളില്‍ അഴുക്ക് പറ്റുവാന്‍ മടയില്ലാത്തവരായി മാറണം". വൈദികർ എപ്പോഴും മറ്റുള്ളവരോട് കരുണ കാണിക്കുന്നവരായിരിക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയുടെ സമയത്ത് വൈദികര്‍ വീണ്ടും തങ്ങള്‍ ആരാണെന്നു ബോധ്യമുള്ളവരായി തീരണമെന്നു പറഞ്ഞ മാര്‍പാപ്പ "ഇതെന്റെ ശരീരമെന്നും ഇതെന്റെ രക്തമെന്നും" പറയുമ്പോള്‍ തങ്ങളെ തന്നെ മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ പോലെ നല്‍കുന്നവരായി മാറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവിതത്തെ സമര്‍പ്പിച്ച വൈദികരോട് നന്ദി പറഞ്ഞ മാര്‍പാപ്പ, സന്തോഷത്തിന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍ എല്ലാവര്‍ക്കും ലഭിക്കട്ടെ എന്നും ആശംസിച്ചു.