News - 2025
മാതാപിതാക്കളില്‍ നിന്നും പകരുന്ന മൂല്യങ്ങള്‍ വരും തലമുറയുടെ ഭാവി നിര്‍ണയിക്കുന്നു: യുഎന്‍
സ്വന്തം ലേഖകന്‍ 07-06-2016 - Tuesday
ന്യൂയോര്‍ക്ക്: കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പങ്ക് വളരെ വലുതാണെന്ന് യുഎന്‍. അന്തര്‍ദേശിയ രക്ഷകര്‍ത്തൃദിനം യുഎന്‍ വിവിധ പരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പങ്കിനെ കുറിച്ച് യുഎന്നില്‍ നടന്ന സമ്മേളനത്തില്‍ പ്രത്യേകം ചര്‍ച്ചകളും നടക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിന്റെ സഹസംഘാടനകര്‍ വത്തിക്കാനായിരുന്നു. ജൂണ്‍ ഒന്നാം തീയതിയാണ് യുഎന്‍ മാതാപിതാക്കള്‍ക്കു വേണ്ടി ആഗോളതലത്തില്‍ ദിനാചരണം സംഘടിപ്പിച്ചത്.
വത്തിക്കാനില്‍ നിന്നുള്ള യുഎന്‍ നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡിറ്റോ ഔസ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. "കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് കുറച്ചു കാണുവാന്‍ ഒരിക്കലും കഴിയുകയില്ല. മാനവരാശിയുടെ നിലനില്‍പ്പു തന്നെ അമ്മയും അപ്പനും തങ്ങളുടെ മക്കളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാതാപിതാക്കള്‍ അവര്‍ക്കു പകര്‍ന്നു നല്‍കുന്ന മൂല്യങ്ങള്‍ അവരെ വാര്‍ത്തെടുക്കുന്നു. പരസ്പര സ്‌നേഹവും ബഹുമാനവും കരുതലും അവര്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും പഠിക്കുന്നു. വിശ്വാസ്യതയും, കരുണയും, ഐക്യവും, ദയയും തുടങ്ങി മാനവരാശിയുടെ നിലനില്‍പ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും കുടുംബത്തില്‍ നിന്നും അവര്‍ക്ക് പകര്‍ന്നു ലഭിക്കുന്നു". ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ കുടുംബത്തിലെ മാതാപിതാക്കളുടെ സ്ഥാനത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ നിന്നുള്ള ഭാഗങ്ങളും ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. മാതാപിതാക്കള്‍ ഒരുമിച്ച് കുട്ടികളെ വളര്‍ത്തി വലുതാക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാൻ, വിവാഹ മോചനം പോലുള്ള സാഹചര്യങ്ങൾ കാരണമാകുന്നതിൽ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവച്ച ആശങ്കയെ കുറിച്ചും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.' കുടുംബം സ്‌നേഹത്തിന്റെ വിദ്യാലയങ്ങള്‍' എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന 'Universal Peace Federation' എന്ന സംഘടനയുടെ പ്രസിഡന്റ് തോമസ് വാല്‍ഷും യോഗത്തില്‍ സംസാരിച്ചു.
പിതാവിന്റെ സ്‌നേഹം ലഭിക്കാതെ വരുന്ന കുട്ടികള്‍ക്ക് മാതാവില്‍ നിന്നും മാത്രം ലഭിക്കുന്ന സ്‌നേഹത്തെ കുറിച്ചും യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ഒരുമിച്ച് താമസിക്കുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ സാമ്പത്തികം, സമയം, കുട്ടികള്‍ക്കു നല്‍കുന്ന ശ്രദ്ധ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മുന്‍പന്തിയിലാണെന്നുള്ള പഠനവും യോഗം വിശകലനം ചെയ്തു. മാതാപിതാക്കളേയും അവരുടെ സ്‌നേഹത്തിന്റെ പരിലാളനയില്‍ വളരുന്ന കുഞ്ഞുങ്ങളേയും ചില മാധ്യമങ്ങള്‍ വികലമായി ചിത്രീകരിക്കുന്നുവെന്ന കണ്ടെത്തലും യോഗത്തില്‍ നടന്നു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചു കഴിഞ്ഞ ഈ കാലഘട്ടത്തില്‍ കുട്ടികളെ കരുതലോടെ മാത്രമേ മുന്നോട്ട് നയിക്കുവാന്‍ കഴിയുകയുള്ളുവെന്നും യോഗം വിലയിരുത്തി.