News - 2025
ചൈനയില്‍ അക്രമികൾ ദേവാലയങ്ങളിലെ സക്രാരികൾ തകർത്ത് തിരുവോസ്തി നിലത്തെറിഞ്ഞു; പ്രാര്‍ത്ഥിക്കുവാന്‍ അനുമതി നിഷേധിച്ചുകൊണ്ട് പോലീസ്
സ്വന്തം ലേഖകന്‍ 07-06-2016 - Tuesday
ഹാന്‍ഡന്‍: ചൈനയിലെ ഡി-സിയോഡി-ബാ എന്ന ഗ്രാമത്തില്‍ മൂന്നു കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. അക്രമികൾ ദേവാലയങ്ങളിലെ സക്രാരികൾ തകർത്ത് തിരുവോസ്തി നിലത്തെറിഞ്ഞു.
തങ്ങളുടെ ജാഗ്രത കുറവു മൂലമായിരിക്കാം ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്ന് വിശ്വാസികള്‍ കരുതി. ഇതെ തുടര്‍ന്ന് പ്രായശ്ചിത്തമായി പ്രാര്‍ത്ഥനകളും നൊവേനകളും നടത്തുവാന്‍ ബിഷപ്പ് സ്റ്റീഫന്‍ യാംഗ് സിയാംഗ്ടല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ജൂണ്‍ നാലാം തീയതി വിശ്വാസികള്‍ ഒത്തു കൂടി പ്രാര്‍ത്ഥനകളും അനുതാപ പൂര്‍വ്വം പ്രായശ്ചിത്തവും ചെയ്യണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ നടത്തുവാനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു. മോഷണ ശ്രമത്തിന്റെ ഭാഗമായി നടന്ന ആക്രമണം എന്ന തരത്തിൽ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥരും അധികാരികളും ഇതിനെ കാണുന്നത്.
1989 ജൂണ്‍ നാലാം തീയതിയാണ് ജനാതിപത്യത്തെ കശാപ്പ് ചെയ്ത 'ടിയാന്‍മിന്‍ സ്വകയര്‍' കൂട്ടകൊല കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയത്. ഈ ദിവസം തന്നെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ വിശ്വാസികള്‍ ഒത്തുകൂടേണ്ടായെന്ന് പോലീസും ഭരണകൂടവും തീരുമാനിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 19-കാരനായ ഒരു യുവാവ് പിടിയിലായിട്ടുണ്ട്.
ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കടുത്ത അതൃപ്തിയുണ്ട്. എന്നിരുന്നാലും വത്തിക്കാനുമായുള്ള ബന്ധം മുന്‍ കാലങ്ങളേക്കാളും ശക്തമായി നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളും ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.