News - 2025

നിശബ്ദതയെ ബലഹീനതയായി കാണരുത്: ഫിലിപ്പിയന്‍സിലെ നിയുക്ത പ്രസിഡന്റിന്റെ പ്രസ്താവനകള്‍ക്ക് സഭാ നേതൃത്വത്തിന്റെ മറുപടി

സ്വന്തം ലേഖകന്‍ 07-06-2016 - Tuesday

മാനില: ഫിലിപ്പിയന്‍സിന്റെ നിയുക്ത പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്യേര്‍ട്ടിയുടെ സഭാ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം. വിഷയത്തില്‍ സഭ നിശബ്ദത പാലിക്കുന്നത് ഡ്യുട്യേര്‍ട്ടിനെ ഭയമുള്ളതു കൊണ്ടാണെന്നു കരുതരുതെന്ന് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പറഞ്ഞു. കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം. സഭ ഒരിക്കലും നിശബ്ദമാകുകയല്ല ചെയ്യുന്നതെന്നും നമ്മെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

"എന്റെ നിശബ്ദത നമ്മെ ശത്രുക്കളായി കാണുന്ന വ്യക്തികള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളാണ്. അവരുടെ സന്തോഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ നിശബ്ദത മനസിലാക്കണമെങ്കില്‍ നിശബ്ദത എന്താണ് പഠിപ്പിക്കുന്നതെന്ന ബോധ്യം ശത്രുക്കള്‍ക്ക് ആവശ്യമാണ്. എന്റെ ഗുരു നിശബ്ദമായ, ശാന്തമായ ഒരു രാത്രിയില്‍ കാലിത്തൊഴിത്തില്‍ ജനിച്ചവനാണ്. പീലാത്തോസിന്റെ മുന്നില്‍ ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും നിശബ്ദനായി നിന്നവനാണ്. എന്റെ നിശബ്ദത മനസിലാകണമെങ്കില്‍ സ്‌നേഹിക്കുവാന്‍ മാത്രം അറിയുന്ന ക്രിസ്തുവിന്റെ ഭാഷ മനസിലാകണം". ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പറഞ്ഞു.

കത്തോലിക്ക സഭയിലെ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ദുരാരോപണങ്ങള്‍ തുടര്‍ച്ചയായി ഡ്യൂട്യേര്‍ട്ട് ഉന്നയിച്ചിരുന്നു. പുരോഹിതരും സന്യസ്തരും ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നില്ലെന്നും അവര്‍ അത് വെറുതെ പറയുന്നതാണെന്നും ഡ്യുട്യേര്‍ട്ട് ആരോപിച്ചിരുന്നു. മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പിയന്‍സ് സന്ദര്‍ശിച്ചപ്പോള്‍ പിതാവിനെതിരെ മോശം ഭാഷയില്‍ സംസാരിച്ച ഡ്യുട്യേര്‍ട്ട് വിശ്വാസികളുടെ മനസില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനു മാര്‍പാപ്പയെ നേരില്‍ കണ്ട് ക്ഷമ പറയുമെന്നു ഡ്യുട്യേര്‍ട്ട് തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ ക്രൂസിന്റെ പ്രതികരണം ഇങ്ങനെയാണ്. "സഭയെ കുറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിയുക്ത പ്രസിഡന്റിന് ശക്തമായ ഭാഷയില്‍ എനിക്ക് മറുപടി നൽകാമായിരുന്നു. എന്നാല്‍ ഡ്യുട്യേര്‍ട്ടിന്റെ വക്താവ് നേരില്‍ വന്നു കണ്ട ശേഷം പുതിയ പ്രസിഡന്റിന് ഒരവസരം നല്‍കണമെന്നു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭ കൂടുതല്‍ വിവാദപരമായ പരാമര്‍ശങ്ങളോട് ഒന്നും പ്രതികരിക്കാതെ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡ്യുട്യേര്‍ട്ടിന്റെ നടപടി പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്. തിരുസഭയെ മുഴുവനും ഡ്യുട്യേര്‍ട്ട് അവഹേളിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല". ബിഷപ്പ് ഓസ്‌കാര്‍ ക്രൂസ് പറയുന്നു.

ഗര്‍ഭഛിദ്രവും വധശിക്ഷയും ഉള്‍പ്പെടെ നിരവധി വിവാദപരമായ തീരുമാനങ്ങള്‍ക്ക് ഡ്യുട്യേര്‍ട്ട് അനുകൂലമാണ്. ഇതിനെതിരെ സഭ സജീവമായി രംഗത്തുള്ളതാണ് ഡ്യുട്യേര്‍ട്ടിനെ ചൊടിപ്പിക്കുന്നത്. ഡ്യുട്യേര്‍ട്ട് ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നു മുമ്പ് തന്നെ ഫിലിപ്പിയന്‍സിലെ കത്തോലിക്ക സഭ പ്രഖ്യാപിച്ചിട്ടുണ്ട്.

More Archives >>

Page 1 of 46