Faith And Reason - 2024

'ദൈവ വിശ്വാസിയായ ബൈഡന്‍' ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത് മാരക പാപം: കടുത്ത വിമര്‍ശനവുമായി പ്രമുഖ ടെലിവിഷന്‍ അവതാരക

പ്രവാചകശബ്ദം 22-06-2021 - Tuesday

വാഷിംഗ്‌ടണ്‍ ഡി‌സി: ദൈവ വിശ്വാസിയെന്ന്‍ അവകാശപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ യു‌എസ് ടെലിവിഷന്‍ അവതാരകയും, രചയിതാവുമായ മേഘന്‍ മക്കെയിന്‍. ബൈഡനേപ്പോലെയുള്ള അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാരുടെ ദിവ്യകാരുണ്യ സ്വീകരണവുമായി ബന്ധപ്പെട്ട പ്രബോധനരേഖ തയാറാക്കുന്നതിന് അമേരിക്കന്‍ മെത്രാന്‍ സമിതി വോട്ടെടുപ്പ് നടത്തിയ സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ‘എ.ബി.സി’ സംഘടിപ്പിച്ച ‘ദി വ്യൂ’ എന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണ് മേഘന്‍ തുറന്നടിച്ചത്.

‘ദൈവവിശ്വാസിയായ കത്തോലിക്കന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെ “മാരകമായ ആത്മീയ നാശം” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ബൈഡൻ അവകാശപ്പെടുന്നതുപോലെ, താങ്കള്‍ ഒരു ഒരു വിശ്വാസിയായ കത്തോലിക്കനാണെങ്കിൽ, താങ്കള്‍ക്ക് ആത്മീയവിപത്തുണ്ടാക്കുന്ന ഒരു മാരക പാപമാണ് ഗര്‍ഭഛിദ്രമെന്ന് മേഘന്‍ പറഞ്ഞു. 2019-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിക്കുന്നത് വരെ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുവാന്‍ ശുപാര്‍ശചെയ്യുന്ന ‘ഹൈഡ് ഭേദഗതി’യെ പിന്തുണച്ചിരുന്ന ബൈഡന്‍ തന്റെ അടുത്ത ബജറ്റില്‍ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് പുനരാരംഭിക്കുവാന്‍ പോവുകയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

തന്നെ സംബന്ധിച്ചിടത്തോളം അബോര്‍ഷന്‍ ഒരു കൊലപാതകം തന്നെയാണെന്ന് പറഞ്ഞ മേഘന്‍ പ്രോലൈഫ് പ്രവര്‍ത്തകരെന്ന നിലയില്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി താന്‍ അബോര്‍ഷനെ അനുകൂലിക്കുന്നില്ലെന്ന്‍ പരസ്യമായി പറഞ്ഞിട്ടുള്ള ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നടപടികള്‍ ഒരു പ്രോലൈഫ് അനുകൂലി എന്ന നിലയില്‍ തനിക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ താന്‍ കത്തോലിക്കാ സഭയുടെ കൂടെയാണെന്നും മേഘന്‍ വ്യക്തമാക്കി. തന്റെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതിന് ബൈഡന്‍ ദൈവത്തോട് മറുപടി പറയേണ്ട ഒരു സമയം വരുമെന്നും പറഞ്ഞുകൊണ്ടാണ് മേഘന്‍ അവസാനിപ്പിച്ചത്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2270,2271 പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:- മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (2270). "മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭച്ഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്" (2271).

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 55