News

ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനം തര്‍ക്കം മൂലം പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍ 13-06-2016 - Monday

ക്രീറ്റ്: ജൂണ്‍-19 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനം തര്‍ക്കം മൂലം പ്രതിസന്ധിയില്‍. ലോകത്തെ എല്ലാ ഓര്‍ത്തഡോക്‌സ് സഭകളും ഒരുമിക്കുന്ന സമ്മേളനം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടക്കുവാന്‍ പോകുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരിന്ന പല ഓര്‍ത്തഡോക്‌സ് സഭകളും ഇതിനോടകം തന്നെ പിന്‍മാറുകയോ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കാതെയോ നില്‍ക്കുകയാണ്. ആകെ 14 ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ ആറു വിഭാഗം സഭകളും ക്രീറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

കത്തോലിക്ക സഭയില്‍ നിന്നും വിഭിന്നമായി ഓര്‍ത്തഡോക്‌സ് സഭകളെ ഭരിക്കുന്നത് പ്രാദേശിക ബിഷപ്പുമാരാണ്. രാജ്യങ്ങള്‍ മാറുന്നതിനുസരിച്ച് സഭയിലെ തലവന്‍മാരിലും ആരാധന രീതികളിലും ഏറെ വ്യത്യസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കത്തോലിക്ക സഭയില്‍ വിവിധ ആരാധന രീതികള്‍ (റീത്തുകള്‍) നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാ വിഭാഗം കത്തോലിക്കരുടെയും തലവന്‍ മാര്‍പാപ്പയാണ്. പാപ്പയുടെ കീഴില്‍ സഭകള്‍ ഐക്യത്തോടും കെട്ടുറപ്പോടും മുന്നോട്ട് നീങ്ങുന്നു. എന്നാല്‍ ആഗോള തലത്തില്‍ ഒരു സമ്മേളനം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ പോലും ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിവിധ തര്‍ക്കങ്ങള്‍ സഭയുടെ ഐക്യമാണ് കെടുത്തുന്നത്.

ക്രീറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ ബള്‍ഗേറിയന്‍ ഒര്‍ത്തഡോക്‌സ് സഭയും അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസ് സഭയും പങ്കെടുക്കുകയില്ലായെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഗ്രീക്ക്, സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമില്ലായെന്നാണ് സഭാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓര്‍ത്തഡോക്‌സ് സഭകളില്‍ ഏറ്റവും വലിയ വിശ്വാസ പ്രാതിനിധ്യമുള്ളത് റഷ്യയിലെ സഭയ്ക്കാണ്. സമ്മേളനം നീട്ടിവയ്ക്കുന്നതിനും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും ശ്രമങ്ങള്‍ റഷ്യന്‍ സഭ നടത്തുകയാണ്. തങ്ങളിലേക്ക് തന്നെ ചുരുങ്ങുവാനുള്ള ചില ഓര്‍ത്തഡോക്‌സ് സഭകളുടെ താല്‍പര്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു വിലയിരുത്തപ്പെടുന്നു.

ഈ സമ്മേളനം നട ക്കാതെ വരുന്നത് കത്തോലിക്ക സഭയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കും. സഭകളുടെ ആഗോളതലത്തിലുള്ള ഐക്യമാണ് കത്തോലിക്ക സഭ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സമ്മേളനം നടക്കാതിരിക്കുകയാണെങ്കില്‍ വിവിധ രാജ്യങ്ങളിലായി ചിതറി കിടക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ എക്യുമിനിക്കല്‍ ബന്ധത്തിലൂടെ ഒന്നിക്കും എന്ന പ്രതീക്ഷയാണ് കത്തോലിക്ക സഭയ്ക്ക് നഷ്ടമാകുന്നത്.

More Archives >>

Page 1 of 48