News - 2024

മൊറോക്കോയിലെ തീവ്ര ഇസ്ലാമിക പാർട്ടിയുടെ ഭരണത്തിന് അന്ത്യം: പ്രതീക്ഷയോടെ ക്രൈസ്തവ വിശ്വാസികൾ

പ്രവാചകശബ്ദം 25-10-2021 - Monday

കാസബ്ലാങ്ക: ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം ഭരിച്ചിരുന്ന തീവ്ര ഇസ്ലാമിക നിലപാടുകളുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി പരാജയപ്പെട്ടതോടെ പ്രതീക്ഷ പങ്കുവെച്ച് ക്രൈസ്തവ സമൂഹം. 2011 മുതൽ ഭരണത്തിൽ ഉണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ 395ൽ 13 സീറ്റും, ഉപരിസഭയായ ഹൗസ് ഓഫ് കൗൺസിലേർസിൽ 120ൽ പന്ത്രണ്ട് സീറ്റും മാത്രമാണ് നേടാൻ സാധിച്ചത്. മതേതര പാർട്ടിയായ നാഷണൽ റാലി ഓഫ് ഇൻഡിപെൻഡൻസ് ആയിരിക്കും രാജ്യം ഇനി ഭരിക്കുക. സമാന ചിന്താഗതികളും, മൂല്യങ്ങളും ഉള്ള പാർട്ടികളോട് ചേർന്ന് സർക്കാർ രൂപീകരിക്കാൻ മുഹമ്മദ് ആറാമൻ രാജാവ് നാഷണൽ റാലി ഓഫ് ഇൻഡിപെൻഡൻസ് നേതാവ് അസീസ് അസ്കനൗന് നിർദേശം നൽകി.

ദീർഘനാളായി തീവ്ര ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നയിച്ചിരുന്ന പാർട്ടി പരാജയപ്പെട്ടത് ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. രാജ്യത്ത് മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ടെന്ന് മൊറോക്കോയിലെ പ്രമുഖ പ്രൊഫസർ മുസ്തഫ അക്കലേ പറഞ്ഞു. മൂന്നു നഗരങ്ങളിൽ സ്ത്രീകൾ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങൾ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നതിലേക്ക് നയിക്കണമെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.

തീവ്രവാദികൾ ഭരണത്തിൽ നിന്ന് പോയതിന് യേശുവിന് നന്ദി പറയുകയാണെന്നും ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടുവെന്നും ആഗ്രഹിച്ച ഒരു സർക്കാരിനെയാണ് ദൈവം തന്നിരിക്കുന്നതെന്നും ഇമോനൻ എന്നൊരു ക്രൈസ്തവ വിശ്വാസി പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ നിയുക്തനായിരിക്കുന്ന അസീസ് അസ്കനൗ ഒരു ബിസിനസുകാരനാണെന്നും, ആര് ഏതു മതത്തിൽ വിശ്വസിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ലെന്നും, അതിനാൽ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങൾ കുറയുമെന്നും മറ്റൊരു വിശ്വാസി പ്രതീക്ഷ പ്രകടിപ്പിച്ചു. മൊറോക്കോ ജനസംഖ്യയുടെ 99%വും ഇസ്ലാം മതം പിന്തുടരുന്നവരാണ്. തികച്ചും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുന്നതാണ് പുതിയ തെരഞ്ഞെടുപ്പ് ഫലം.


Related Articles »