News - 2025

കൂദാശകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് മാരക പാപം: വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍

പ്രവാചകശബ്ദം 08-12-2021 - Wednesday

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കൂദാശകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് മാരക പാപമാണെന്ന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 1-ന് കത്തോലിക്ക മാധ്യമമായ ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ന് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യം വിശ്വാസികള്‍ക്ക് നല്‍കുകയും അവരെ ദിവ്യകാരുണ്യത്തോട് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് മെത്രാന്‍മാരുടെ കടമയെന്നും, വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ നടക്കേണ്ട കാര്യങ്ങള്‍ക്ക് വിര്‍ച്ച്വല്‍ കുര്‍ബാനകളും, സ്ക്രീനുകളും പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാഷ്ട്രീയക്കാരും, മുഖ്യധാരാ മാധ്യമങ്ങളും ഏകാധിപത്യ ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായി പകര്‍ച്ചവ്യാധിയെ നിര്‍ദ്ദയം ചൂഷണം ചെയ്തത് കുടുംബങ്ങളുടെ വിഭജനത്തിന് കാരണമായി. ജര്‍മ്മനിയിലെ ഏതാനും രൂപതകള്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, സമീപ ദിവസങ്ങളില്‍ രോഗവിമുക്തി നേടിയവര്‍ക്കും മാത്രമായി വിശുദ്ധ കുര്‍ബാന ചുരുക്കിയതിനെ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ ദേവാലയങ്ങള്‍ അടച്ചിടുവാനും, കൂദാശകള്‍ നിഷേധിക്കുവാനുമുളള ചില മെത്രാന്മാരുടേയും പുരോഹിതരുടേയും തീരുമാനം ദൈവം നല്‍കിയിട്ടുള്ള അധികാരത്തിനെതിരെയുള്ള മാരക പാപമാണെന്നും ഓര്‍മ്മിപ്പിച്ചു.

ചിന്തയുടെ മതേതരവല്‍ക്കരണവും, ക്രൈസ്തവ വിരുദ്ധതയും ക്രിസ്തുവിന്റെ അജഗണങ്ങളുടെ ഇടയന്‍മാരില്‍ എത്രത്തോളം എത്തി എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണിതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. കത്തോലിക്ക സഭയും സര്‍ക്കാരുകളും സാമൂഹ്യ ഐക്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മാവിന്റെ രക്ഷയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വിവരിച്ചു. മരുന്നുകളുടെ കാര്യക്ഷമതക്ക് പരിധിയുണ്ടെന്നും "നിത്യ മരണത്തില്‍" നിന്നും നമ്മളെ രക്ഷിക്കുവാന്‍ യേശു നല്‍കുന്ന അപ്പത്തിനല്ലാതെ മരുന്നുകള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 720