Faith And Reason - 2024
ഗിനിയ ബിസൗവിലെ ഒരു ഇടവകയില്‍ മാത്രം മാമ്മോദീസയ്ക്കായി കാത്ത് മൂവായിരത്തിലധികം പേര്‍
പ്രവാചകശബ്ദം 13-12-2021 - Monday
ഗിനിയ ബിസൗ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസൗവിലെ കത്തോലിക്ക സമൂഹം ശക്തമായ വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ അയവുവന്നതിന് ശേഷം വിശ്വാസികളുടെ ഇടയില്‍ പുത്തന്‍ ഉണര്‍വുണ്ടെന്നാണ് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇ.ഡബ്ല്യു.ടി.എന്നിന്റെ കീഴിലുള്ള ‘എസിഐ ആഫ്രിക്ക’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അടച്ചിട്ട ദേവാലയങ്ങള്‍ തുറന്നതിന് ശേഷം ദേവാലയങ്ങളില്‍ വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന്‍ ഗിനിയ ബിസൗ രൂപതയിലെ അന്റുലയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസ്സി ഇടവക വികാരിയായ ഫാ. സെല്‍സോ കോര്‍ബിയോളി പറഞ്ഞു. ഇടവകയിൽ മാത്രം മൂവായിരത്തിലധികം പേരാണ് ജ്ഞാനസ്നാനത്തിന് അപേക്ഷിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിന് ശേഷം ദേവാലയങ്ങള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിയുകയാണെന്നും മൊത്തത്തില്‍ നോക്കിയാല്‍ സഭയ്ക്കു ഇതൊരു നല്ലകാലമാണെന്നും ഒബ്ലേറ്റ് മിഷ്ണറീസ് ഓഫ് ഇമ്മാക്കുലേറ്റ് സഭാംഗവും, ഗിനിയ ബിസൗ മേജര്‍ സെമിനാരിയിലെ സ്പിരിച്ച്വല്‍ ഡയറക്ടറും കൂടിയായ ഫാ. കോര്‍ബിയോളി പറയുന്നത്. രാജ്യത്ത് ചുരുങ്ങിയത് 7 മുതല്‍ 8 വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് മാമ്മോദീസ സ്വീകരിക്കുവാന്‍ വേണ്ടതെന്നും, ഈ ദീര്‍ഘകാലമൊന്നും വകവെക്കാതെ തന്റെ ഇടവകയില്‍ മാത്രം ആയിരങ്ങള്‍ മാമ്മോദീസയുടെ തയ്യാറെടുപ്പിന്റെ ഭാഗമായ മതബോധനത്തിനായി ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന മതപരമായ പ്രശ്നങ്ങളൊന്നും ഗിനിയ ബിസൗവില്‍ ഇല്ലെന്നും ഫാ. കോര്‍ബിയോളി വെളിപ്പെടുത്തി. ടൂറിസം പോലെ വരുമാനമുണ്ടാക്കുവാന്‍ കഴിയുന്ന ധാരാളം ഉറവിടങ്ങളുള്ള രാജ്യമാണ് ബിസൗവെന്നും അത് വിനിയോഗിക്കുവാന്‍ കഴിഞ്ഞതിനാല്‍ തങ്ങളൊരു ദരിദ്രരാഷ്ട്രമല്ലെന്നും കോര്‍ബിയോളി പറയുന്നു. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഗിനിയയിലെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളമാണ് ക്രൈസ്തവര്‍. ഇതില്‍ 75% വും കത്തോലിക്ക വിശ്വസം പിന്തുടരുന്നവരാണ്.