News - 2025

കോംഗോയില്‍ ക്രിസ്തുമസ് ആഘോഷത്തെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം: 6 മരണം

27-12-2021 - Monday

കിന്‍ഷാസ: സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രിസ്തുമസ് ആഘോഷത്തെ ലക്ഷ്യമിട്ട ചാവേര്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ നഗരമായ ബേനിയില്‍ ഒരു റസ്റ്ററന്റിനു മുന്നിലായിരുന്നു സ്‌ഫോടനം. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) ആണ് ആക്രമണത്തിനു പിന്നിലെന്നു കോംഗോ അധികൃതര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം മുപ്പതിലധികം പേര്‍ റസ്റ്ററന്റില്‍ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. ചാവേര്‍ റസ്റ്ററന്റില്‍ പ്രവേശിക്കുന്നതു ഗാര്ഡു്കള്‍ തടഞ്ഞെങ്കിലും പ്രവേശനകവാടത്തില്‍ പൊട്ടിത്തെറിച്ചു. ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന നഗരത്തിലെ ജനങ്ങളെ വീടുകളിലേക്കു മടക്കി അയച്ചു. തൊണ്ണൂറുകളില്‍ മുസ്ലിംകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഉഗാണ്ടയില്‍ രൂപംകൊണ്ട സംഘടനയാണ് എഡിഎഫ്.

കിഴക്കന്‍ കോംഗോയില്‍ വേരുകളുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് ഭീകരസംഘടന ക്രൈസ്തവര്‍ അടക്കം ആയിരക്കണക്കിനു നിരപരാധികളുടെ രക്തത്തിന് ഉത്തരവാദികളാണ്. അതിര്‍ത്തികടന്നു വ്യാപിച്ച പ്രസ്ഥാനം കിഴക്കന്‍ കോംഗോ ആസ്ഥാനമാക്കുകയായിരുന്നു. നവംബറില്‍ ഉഗാണ്ടയിലെയും കോംഗോയിലെയും സൈന്യം സംയുക്തമായി എഡിഎഫിനെതിരേ ആക്രമണം തുടങ്ങിയിരുന്നു. തലസ്ഥാനമായ കംപാലയില്‍ അടക്കം ഉഗാണ്ടയില്‍ അടുത്തകാലത്തുണ്ടായ പല ആക്രമണങ്ങള്‍ക്കു പിന്നിലും എഡിഎഫ് ആണെന്ന് ആരോപിക്കപ്പെടുന്നു. മാര്‍ച്ചില്‍ അമേരിക്ക, ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള സംഘടനകളുടെ പട്ടികയില്‍ എഡിഎഫിനെ ഉള്‍പ്പെടുത്തിയിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കോംഗോ.

More Archives >>

Page 1 of 724