News - 2025

കര്‍ണ്ണാടകയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതര്‍ക്കു നേരെ ആക്രമണം

പ്രവാചകശബ്ദം 02-01-2022 - Sunday

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനം നിയമസഭ പാസാക്കിയതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബെലഗാവിയില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മയിലേക്ക് ഇരച്ചെത്തിയ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന തടഞ്ഞു. ഇതിന് പിന്നാലെ അഞ്ചംഗ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ദളിത് വിഭാഗത്തില്‍ നിന്ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരാണിവര്‍. സമീപവാസികളെയും ആക്രമണത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ തട്ടികളഞ്ഞു. ചൂടുള്ള ഭക്ഷണം വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു.

ക്രൈസ്തവ വിശ്വാസികളുടെ പരാതിയില്‍ തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മാണ്ഡ്യയില്‍ മിഷ്ണറി സ്കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികള്‍ തീവ്ര ഹിന്ദുസംഘടനകള്‍ നേരത്തെ തടഞ്ഞിരുന്നു. ഇതിന് സമാനമായ വിധത്തില്‍ നിരവധി അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരിന്നു. മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയാല്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്. മതപരിവര്‍ത്തന നിരോധന ബില്ലിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങള്‍ക്ക് എതിരെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി.

More Archives >>

Page 1 of 726