News - 2025

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം 10 കര്‍ദ്ദിനാളുമാര്‍ക്ക് ഈ വര്‍ഷം നഷ്ട്ടപ്പെടും

പ്രവാചകശബ്ദം 03-01-2022 - Monday

റോം: വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള വോട്ടവകാശം ഈ വര്‍ഷം 10 കര്‍ദ്ദിനാളുമാര്‍ക്ക് നഷ്ട്ടപ്പെടും. 10 പേര്‍ക്കും ഈ വര്‍ഷത്തില്‍ 80 തികയുന്ന പശ്ചാത്തലത്തിലാണ് വോട്ടവകാശം നഷ്ട്ടപ്പെടുന്നത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത 6 കര്‍ദ്ദിനാളുമാര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 80 തികഞ്ഞ കര്‍ദ്ദിനാളുമാര്‍ക്ക് മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അവകാശമില്ല. തിരുസഭയിലെ പല പ്രമുഖ കര്‍ദ്ദിനാള്‍മാര്‍ക്കും ഈ വര്‍ഷം 80 തികയുന്നുണ്ട്. ചിലിയിലെ സാന്റിയാഗോ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ എസ്സാട്ടി ആന്‍ദ്രെല്ലോക്ക് ജനുവരി 7-നാണ് 80 തികയുന്നത്. 2014-ല്‍ ആണ് അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടത്.

2022 ഏപ്രില്‍ ഏഴിന് പെറൂജിയ-സിറ്റ ഡെല്ല പീവിലേ മെത്രാപ്പോലീത്തയായ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ഗ്വാല്‍ട്ടിയറോ ബാസ്സെട്ടിക്ക് എണ്‍പത് തികയും. ഏപ്രില്‍ 13ന് സ്പെയിനിലെ വല്ലാഡോളിഡ് മെത്രാപ്പോലീത്ത റിക്കാര്‍ഡോ ബ്ലാസ്ക്യൂസ് പെരെസ് തന്റെ എണ്‍പതാം ജന്മദിനം ആഘോഷിക്കും. മെക്സിക്കോ സിറ്റി മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ നോര്‍ബെര്‍ട്ടോ റിവേറ കരേരക്ക് എണ്‍പതു വയസ് തികയുന്നത് ജൂണ്‍ 6-നാണ്. ഈ വര്‍ഷം സെപ്റ്റംബറിന് എണ്‍പത് തികയുന്ന രണ്ടു കര്‍ദ്ദിനാളുമാരുണ്ട്. എല്‍ സാല്‍വദോറിന്റെ ആദ്യ കര്‍ദ്ദിനാളും സാന്‍ സാല്‍വദോറിന്റെ സഹായ മെത്രാനുമായ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസ ഷാവെസിന് സെപ്റ്റംബര്‍ 3-ന് 80 തികയുമ്പോള്‍, കൊളംബിയയിലെ ബൊഗോട്ടയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ റൂബന്‍ സലാസര്‍ ഗോമെസിന് 80 തികയുന്നത് സെപ്റ്റംബര്‍ 22നാണ്.

തൊട്ടടുത്ത മാസം ഒക്ടോബര്‍ 1-ന് 2011 മുതല്‍ 2021 വരെ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ ഗിസപ്പെ ബെര്‍ട്ടെല്ലോക്ക് എണ്‍പത് തികയും. ഒക്ടോബര്‍ 18-ന് മറ്റൊരു ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവസിക്കും എണ്‍പതു വയസ് തികയും. നിലവില്‍ സാംസ്കാരിക കാര്യങ്ങളുടെ മേല്‍നോട്ടമുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റാണ് അദ്ദേഹം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ആന്‍റ്റെ അര്‍മാന്‍ഡ് വിങ്ട്-ട്രോയിസിന് നവംബര്‍ 7ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അവകാശം നഷ്ടപ്പെടുമ്പോള്‍ ഹോണ്ടുറാസില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഓസ്കാര്‍ ആണ്ട്രെസ് റോഡ്രിഗസ് മാരാഡിയാഗക്ക് ഡിസംബര്‍ 29-നാണ് 80 തികയുന്നത്. അതേസമയം കര്‍ദ്ദിനാള്‍ കോളേജിലെ എണ്ണം കുറയുന്നതിനാല്‍ ഈ വര്‍ഷം പുതിയ കര്‍ദ്ദിനാളുമാരുടെ നിയമനം ഉണ്ടായേക്കുമെന്നാണ് സൂചന..

More Archives >>

Page 1 of 726