News - 2025
നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
പ്രവാചകശബ്ദം 08-02-2022 - Tuesday
കടൂണ: കഴിഞ്ഞ ദിവസം വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്ന്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി. ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരിയാണ് അക്രമികളില്‍ നിന്ന്‍ മോചിതനായിരിക്കുന്നത്. രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒകോലോ വൈദികന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്നലെ (07/02/22 തിങ്കളാഴ്ച) രാത്രി 10.30ഓടെയാണ് വൈദികനെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 ഞായറാഴ്ച കടൂണ സംസ്ഥാനത്തെ കൗരു ലോക്കൽ വിശുദ്ധ മോണിക്കയുടെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തോട് ചേര്‍ന്നുള്ള വസതിയില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.
അര്‍ദ്ധരാത്രിയോട് അടുത്താണ് വൈദികനെ ബന്ദികളാക്കിയത്. 24 മണിക്കൂറിനുള്ളിൽ വൈദികനെ മോചിപ്പിക്കുകയായിരിന്നു. വൈദികന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടിയുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ചാൻസലർ ഫാ. ഇമ്മാനുവൽ ഒകോലോ നന്ദി രേഖപ്പെടുത്തി. ഇപ്പോഴും തടവുകാരുടെ കൈകളിൽ കഴിയുന്നവരെ വേഗത്തിൽ മോചിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന്റെ മോചനത്തില്‍ കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും കൊല്ലപ്പെട്ട വൈദികന്റെ പാചകക്കാരന്‍റെ ആത്മശാന്തിയ്ക്ക് വേണ്ടി ബലിയര്‍പ്പിക്കണമെന്നും ചാൻസലർ അഭ്യര്‍ത്ഥിച്ചു.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ക്രൂരമായ ആക്രമണങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുകയാണ്. ഇതിന്റെ വടക്കൻ പ്രദേശം അരക്ഷിതാവസ്ഥയുമായി പോരാടുകയാണ്, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന് വിളിക്കപ്പെടുന്ന ബൊക്കോഹറാം മതതീവ്രവാദികളുടെ പ്രവർത്തനങ്ങളും നാടോടികളും ഇസ്ലാം മതം പിന്തുടരുന്നവരുമായ ഫുലാനി ഹെര്‍ഡ്സ്മാനുമാണ് പ്രധാനമായും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പലപ്പോഴും തട്ടിക്കൊണ്ടുപോകലിനും ക്രൂര നരഹത്യയ്ക്കും ഇരകളാകുന്നത് ക്രൈസ്തവരാണ്.