News - 2025
അമേരിക്കയിലുണ്ടായ കാറപകടം: മലയാളി കന്യാസ്ത്രീ മരിച്ചു, സഹ സന്യാസിനികള്‍ക്ക് പരിക്ക്
09-02-2022 - Wednesday
കണ്ണൂർ: അമേരിക്കയിലുണ്ടായ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. കൂട യുണ്ടായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്എബിഎസ്) തലശേരി സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗവും കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക സ്വദേശിനിയുമായ സിസ്റ്റർ അനില പുത്തൻതറ (40) യാണു മരിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കണക്ടിക്കട്ട് സംസ്ഥാനത്തെ വീർധാമിലുള്ള സെന്റ് ജോസ് ലിവിംഗ് നഴ്സിംഗ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനില ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്.
സിസ്റ്ററിനോടൊപ്പം കാറിലുണ്ടായിരുന്ന സിസ്റ്റർ ബ്രിജീറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദിയഡുക്കയിലെ പുത്തൻതറ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ അനില, മൃത ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എസ്എബിഎസ് സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി ഒഴുകയിൽ അറിയിച്ചു.