News - 2024

ചൈനയിലെ പീഡിത സഭ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു നിറയുന്നു

സ്വന്തം ലേഖകൻ 01-07-2016 - Friday

പുതിയ നിയമത്തിൽ പറയുന്നതുപോലുള്ള അത്ഭുതങ്ങളും അടയാളങ്ങളും ചൈനയിലെ പീഡിത സഭയിൽ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബൈബിൾ പണ്ഡിതനായ ജറേമിയ ജോൺസ്റ്റൺ വെളിപ്പെടുത്തുന്നു.

അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിച്ചിട്ടുള്ള ഭൂഗർഭ അറകളിലെ ക്രിസ്ത്യൻ സഭയ്ക്ക് തുല്യമാണ് ചൈനയിലെ ഇപ്പോഴത്തെ ക്രിസ്തുമതത്തിന്റെ അവസ്ഥ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളുടെയും നിയമങ്ങളുടെയും ഇടയിൽ, ഒളിവിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്ന ചൈനീസ് സഭ, പുരാതന കൃസ്ത്യൻ സഭകൾക്ക് തുല്യമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഒളിവിൽ പ്രവർത്തിക്കുന്ന അനേകം മിഷിനറി സംഘങ്ങൾ ചൈനയിലുണ്ട്. 5000-ത്തിലധികം അംഗങ്ങളുള്ള മിഷ്ണറി സംഘത്തിലെ ഒരു മിഷിനറി പ്രവർത്തകനെ കണ്ടുമുട്ടിയ കഥ ജറേമിയ വിവരിക്കുന്നുണ്ട്. അദ്ദേഹം ജറേമിയോടും ഭാര്യ ആ ഡ്രേയോടും ഇങ്ങനെ പറഞ്ഞു: "അപ്പസ്തോല പ്രവർത്തനങ്ങളിൽ നിങ്ങൾ വായിക്കുന്നതെല്ലാം ഇപ്പോൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുകയാണ്! അതിൽ വിവരിക്കുന്ന ദൈവത്തിന്റെ ഇടപെടലുകൾ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്!"

ഔദ്യോഗികമായി ചൈനയിൽ മത സ്വതന്ത്ര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അധികൃതർ ക്രൈസ്തവ സഭയുടെ വളർച്ച ഭീതിയോടെയാണ് നോക്കി കാണുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചൈനയിൽ 8.6 കോടി അംഗബലമുള്ളപ്പോൾ ക്രൈസ്തവ സഭകൾക്ക് 6.7 കോടി അംഗങ്ങളുണ്ടെന്നാണ് P.R.C. (Pew Research Center)- ന്റെ കണക്ക്.

ക്രിസ്തീയ സഭകളുടെ വളർച്ച തടയാനായി പല മാർഗ്ഗങ്ങളും ഭരണ കേന്ദ്രം സ്വീകരിച്ചു വരുന്നു. 2014 മുതൽ ഇതിനകം 1200 കുരിശുകൾ അനധികൃത നിർമ്മാണം എന്ന പേരിൽ അധികൃതര്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇത്തരം വിവേചനപരമായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിന് അഭിഭാഷകരും സഭാപ്രവർത്തകരും ഉൾപ്പടെ 500-ലധികം പേർ ഇപ്പോഴും ജയിലിലാണ്.

'Religion in China: Survival and Revival under Communist Rule' എന്ന പുസ്തകത്തിന്റെ എഴുത്തുകാരനും പർഡ്യു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രഫസറുമായ ഫെൻങ്കാങ്ങ് യാങ്ങിന്റെ അഭിപ്രായത്തിൽ 2030- നുള്ളിൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമായി തീർന്നിരിക്കും. "ഇത് ഈ തലമുറയിൽ തന്നെ നടക്കാൻ പോകുന്ന കാര്യമാണ്" അദ്ദേഹംThe Telegraph -നോടു പറഞ്ഞു.

ലോകമെമ്പാടുമുള്ള പീഡിത സഭകളിൽ ദൈവ ചൈതന്യം നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാശ്ചാത്യ സഭകൾ ഉറങ്ങിപ്പോയിരിക്കുന്നു എന്ന് ജറേമിയ ജോൺസ്റ്റൺ അഭിപ്രായപ്പെട്ടു. "പീഡിത സഭകളുടെ തീവ്രമായ ആത്മീയാനുഭവം പാശ്ചാത്യ സഭകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിലുള്ള ദൈവാനുഭവം പാശ്ചാത്യ സഭകളിൽ ലഭ്യമാകാൻ സഭകൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു" ജോൺസ്റ്റൺ പറഞ്ഞു.

More Archives >>

Page 1 of 55