News - 2025
വിശുദ്ധ കുർബാന ഏകീകരണത്തില്‍ ആര്‍ക്കും ഇളവില്ല: കര്‍ശന നിലപാടുമായി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത്
പ്രവാചകശബ്ദം 11-03-2022 - Friday
വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ലഭിച്ച കത്ത് ഇന്നാണ് പരസ്യപ്പെടുത്തിയത്. സിനഡിന്റെ തീരുമാനത്തോട് യോജിച്ച് എല്ലാ മെത്രാന്‍മാരും മുന്‍പോട്ട് പോകാൻ കത്ത് ആവശ്യപ്പെടുന്നുണ്ട്.
"ദൈവജനസേവനത്തിനായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായിത്തീരുന്നതിനും അജഗണത്തിന് ശ്രേഷ്ഠമായ മാതൃകകളായിരിക്കുന്നതിനുമായി അവർ തിരുപ്പട്ടത്താൽ നവമായ രീതിയിൽ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു" എന്ന 368-ാം നമ്പര്‍ കാനന്‍ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വൈദിക കടമകള്‍ക്ക് അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വളരെ വ്യക്തമായ രീതിയില്‍ത്തന്നെ മെത്രാന്മാര്‍ അകലം പാലിക്കണമെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍, അനിശ്ചിതകാലത്തേക്ക് എറണാകുളം അങ്കമാലി അതിരൂപത മുഴുവനുമായി തെറ്റായി നല്കിയിരിക്കുന്ന ഒഴിവ് (Dispensation) നിര്‍ബന്ധമായും പിന്‍വലിക്കണം. പരിശുദ്ധ കാനന്‍ നിയമമനുസരിച്ച് (inter alia can. 1538 §1) രൂപതാമെത്രാനടുത്ത അധികാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ അതിലംഘിക്കാന്‍ ആന്റണി കരിയില്‍ മെത്രാന് നല്കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് (vicarious power) സാധിക്കുകയില്ലായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.