News - 2025
യുക്രൈൻ ജനതയ്ക്ക് സാമ്പത്തിക സഹായവുമായി കത്തോലിക്ക സംഘടനയായ കാരിത്താസ്
പ്രവാചകശബ്ദം 11-03-2022 - Friday
റോം: യുദ്ധത്തിന്റെ കനത്ത മുറിവുകള്‍ ഏറ്റുവാങ്ങുന്ന യുക്രൈനു വേണ്ടി ഒരു ലക്ഷം യൂറോ ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും. കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഫാ. മാർക്കൊ പജിനേല്ലൊയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന പ്രാദേശിക സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാർത്ഥനയുടെ ഐക്യത്തിൽ യുക്രൈന്‍ ജനതയുടെ ചാരെ ഉണ്ടെന്നും കാരിത്താസ് സംഘടന പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം മാർച്ച് ഒന്‍പതാം തീയതി ബുധനാഴ്ച (09/03/22) വരെ ഇറ്റലിയിൽ എത്തിച്ചേർന്നിട്ടുള്ള യുക്രൈൻകാരായ അഭയാർത്ഥികളുടെ സംഖ്യ 24,000 കവിഞ്ഞു. ഇവരിൽ പതിനായിരത്തോളവും കുട്ടികളാണ്.
ഇതിനിടെ യുക്രൈന്‍റെ കാരിത്താസ് വിഭാഗം അടക്കം നിരവധി സന്നദ്ധ സംഘടനകള്‍ യുദ്ധഭൂമിയില്‍ സന്നദ്ധ പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വിസ് ഹ്യുമാനിറ്റേറിയൻ എയ്ഡ് യൂണിറ്റ് - ശീതകാല പ്രൂഫ് ടെന്റുകൾ, കമ്പിളി പുതപ്പുകൾ, സ്ലീപ്പിംഗ് മാറ്റുകൾ, ഹീറ്ററുകൾ, മരുന്നുകൾ എന്നിവ അടക്കമുള്ള അത്യാവശ്യ സാമഗ്രികള്‍ യുക്രൈനിലെ കാരിത്താസ് വിഭാഗത്തിന് കൈമാറിയിരിന്നു. അതിര്‍ത്തിയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ അടക്കമുള്ള അനേകര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം കാണിക്കുകയാണ് കാരിത്താസ് ഉള്‍പ്പെടെയുള്ള അനേകം ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍.