News - 2025

മ്യാന്‍മറില്‍ സൈനീക വ്യോമാക്രമണത്തില്‍ കത്തോലിക്ക കോണ്‍വെന്‍റ് തകര്‍ക്കപ്പെട്ടു

പ്രവാചകശബ്ദം 13-03-2022 - Sunday

യാംഗൂണ്‍: ഒരു ഇടവേളക്ക് ശേഷം സൈനീക ഭരണകൂടവും വിമത പക്ഷവും തമ്മിലുള്ള പോരാട്ടം ശക്തമായ മ്യാന്‍മറില്‍ കനത്ത വ്യോമാക്രമണത്തില്‍ കത്തോലിക്ക കോണ്‍വെന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ സംസ്ഥാനമായ കായായിലെ തായ്ലാന്‍ഡ്‌ അതിര്‍ത്തിയോടു അടുത്ത ഡെമോസോ പട്ടണത്തിലെ ഡൌങാന്‍ഖാ ഗ്രാമത്തിലെ ‘സിസ്റ്റേഴ്സ് ഓഫ് റിപ്പറേഷന്‍’ സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടെ കോണ്‍വെന്റിനാണ് സൈനീക വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. കോണ്‍വെന്റിന്റെ മേല്‍ക്കൂരക്കും, ജനാലകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 8-ന് നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ ഇതേ പട്ടണത്തിലെ ‘സാവുന്‍ ഡു' ഗ്രാമത്തിലെ ഫാത്തിമ ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരിന്നു. 2021 ജൂണില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌ കത്തോലിക്ക ദേവാലയത്തിന് സമീപത്തായിട്ടാണ് വ്യാഴാഴ്ചത്തെ ആക്രമണത്തിനിരയായ കോണ്‍വെന്റ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ കായാ രൂപതയില്‍ മാത്രം എട്ടോളം ദേവാലയങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിരിന്നു. കനത്ത പോരാട്ടത്തെത്തുടര്‍ന്ന്‍ രൂപതയിലെ പതിനാറോളം ഇടവകകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മൂന്നുലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന കായാ സംസ്ഥാനം ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണ്. ഇതില്‍ തൊണ്ണൂറായിരം കത്തോലിക്കരും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ കലാപത്തേത്തുടര്‍ന്ന്‍ അറുപതിനായിരത്തോളം കത്തോലിക്കര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് സഭാധികാരികള്‍ പറയുന്നത്. 2021 ഫെബ്രുവരി 1-ലെ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനീക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭവും അതിനെ അടിച്ചമര്‍ത്തുവാനുള്ള സൈന്യത്തിന്റെ ശ്രമവുമാണ് മ്യാന്‍മറിലെ സംഘര്‍ഷത്തിന്റെ കാരണം. കായയില്‍ നിന്നും 1,70,000-ത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ദി കാരെന്നി സിവില്‍ സൊസൈറ്റി നെറ്റ്വര്‍ക്ക്സ് പറയുന്നത്. രാജ്യത്തെ ആകെ കണക്ക് നോക്കുമ്പോള്‍ 5,03,000-ത്തോളം പേരാണ് ഭവനരഹിതരായിരിക്കുന്നത്. ബുദ്ധിസ്റ്റ് ഭൂരിപക്ഷമായ രാഷ്ട്രമായ മ്യാന്മറിലെ 5.48 കോടിയോളം വരുന്ന ജനസംഖ്യയില്‍ 44 ലക്ഷത്തോളം ക്രിസ്ത്യാനികളാണ്. ഇതില്‍ ഏഴരലക്ഷത്തോളം കത്തോലിക്കരും ഉള്‍പ്പെടുന്നു.

More Archives >>

Page 1 of 744