Saturday Mirror
ഇന്‍ഡോറില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കിവിറ്റ് ജീവിക്കുന്നവരുടെ ജീവിതം മാറ്റിയ കന്യാസ്ത്രീകള്‍
സ്വന്തം ലേഖകന്‍ 03-07-2016 - Sunday
തന്റെ ഏഴംഗ കുടുംബത്തിന്റെ ബാദ്ധ്യത ചുമലില്‍ പതിക്കുമ്പോള്‍ സരിക ധാംകേക്കിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. അവളുടെ അമ്മയുടെ ചെറിയ സമ്പാദ്യം കൊണ്ടായിരുന്നു അതുവരെ കുടുംബ കാര്യങ്ങള്‍ നടത്തിയിരുന്നത്. അമ്മ അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ മൂന്ന്‍ പെണ്‍കുട്ടികളും, രണ്ടാണ്‍ കുട്ടികളുമടങ്ങുന്ന മക്കളിലെ ഏറ്റവും മൂത്തവളായ സരിക കുടുംബത്തിന്റെ ഉത്തരവാദിത്വമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്തു. നിരക്ഷരയും, യാതൊരുവിധ പരിശീലനവും ലഭിക്കാത്ത ആ പെണ്‍കുട്ടി 1.5 ദശലക്ഷം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇന്‍ഡോര്‍ എന്ന നഗരത്തില്‍ അലഞ്ഞുനടന്ന് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്ന തന്റെ ചേരിപ്രദേശത്തെ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. സരികയുടെ ഈ ദുഃഖപൂര്‍ണമായ അവസ്ഥ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചത്. ഇന്ന്‍ സരിക ധാംകേ താന്‍ വളര്‍ന്നുവന്ന ചെറിയ കുടില്‍ സ്ഥിതിചെയ്തിരുന്ന അതേ ചേരിയില്‍ തന്നെ മൂന്ന് മുറികളുള്ള ഒരു വീടിന്റെ ഉടമയാണ്. ഒരു വര്‍ഷം മുന്‍പ് ഒരു ട്രക്ക് ഡ്രൈവറുമായി അവളുടെ വിവാഹവും കഴിഞ്ഞു. അവളുടെ ഇളയ സഹോദരിയുടേയും വിവാഹം കഴിഞ്ഞു.
“ഞാന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതിനു കാരണം ആ കന്യാസ്ത്രീകളാണ്. അവര്‍ പണം സമ്പാദിക്കുവാനും അത് സൂക്ഷിക്കുവാനും എന്നെ സഹായിച്ചു. ഞാന്‍ ശേഖരിക്കുന്ന ആക്രിവസ്തുക്കള്‍ക്ക് അര്‍ഹമായ പ്രതിഫലം നേടുവാനും അവര്‍ എന്നെ സഹായിച്ചു. ഒരു നല്ല ജീവിതം നയിക്കുവാന്‍ അവര്‍ എന്നെ പരിശീലിപ്പിച്ചു”. തന്റെ സഹോദരങ്ങള്‍ക്കൊപ്പം 350 ചതുരശ്ര അടി വിസ്താരമുള്ള തന്റെ വീട്ടിലിരുന്നുകൊണ്ട് 'ഗ്ലോബല്‍ സിസ്റ്റേഴ്സ് റിപ്പോര്‍ട്ടി'നോടവള്‍ പറഞ്ഞു.
കത്തോലിക്കാ കന്യാസ്ത്രീകള്‍ വഴിയായി ജീവിതനിലവാരത്തില്‍ സമഗ്രമായ മാറ്റം സംഭവിച്ച ഇന്‍ഡോറിലെ ചേരിപ്രദേശങ്ങളിലെ ഏതാണ്ട് 2,000 ത്തോളം വരുന്ന സ്ത്രീകളില്‍ ഒരാളാണ് സരിക ധാംകെ. മധ്യപ്രദേശിലെ വാണിജ്യ-തലസ്ഥാനമായ ഇന്‍ഡോറിലെ കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന കേന്ദ്രത്തിന്റെ ‘ജന്‍ വികാസ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ അമ്മ രോഗബാധിതയായതിനു ശേഷം തന്റെ കുടുംബത്തെ പോറ്റുവാനായി എന്തെങ്കിലും ചെയ്യുവാന്‍ താന്‍ നിര്‍ബന്ധിതയായ കാര്യം ഓര്‍മ്മിച്ചുകൊണ്ട് സരിക പറഞ്ഞു: “ഒരു തികഞ്ഞ മദ്യപാനിയായിരുന്ന ഞങ്ങളുടെ പിതാവിന് ഞങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലായിരുന്നു. പ്ലാസ്റ്റിക്ക്, ലോഹകഷ്ണങ്ങള്‍, വയര്‍, ചില്ല് കുപ്പികള്‍, കടലാസ് മുതലായ ഉപയോഗശൂന്യമായ വസ്തുക്കള്‍ തന്റെ അമ്മ റോഡരികില്‍ നിന്നും, മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും, മാലിന്യം തള്ളുവാനുള്ള സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആക്രി പെറുക്കുന്നതിന് പ്രത്യേക വൈദഗ്ദ്യമോ, പരിശീലനമോ ആവശ്യമില്ലാത്തതിനാല്‍, ഞാന്‍ അതു ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു” സരിക ഓര്‍മ്മയുടെ ഭാണ്ഡക്കെട്ട് തുറന്നു.
മുഷിഞ്ഞതും, കീറിപ്പറിഞ്ഞതുമായ വസ്ത്രം ധരിച്ചിരുന്ന മറ്റുള്ള ആക്രിപെറുക്കല്‍ക്കാരില്‍ നിന്നും വിഭിന്നമായി ധാംകെ വൃത്തിയുള്ള വസ്ത്രം ധരിച്ചു. “കന്യാസ്ത്രീകള്‍ വൃത്തിയുടേയും, ശുചിത്വത്തിന്റേയും പ്രാധാന്യത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചു.” അവള്‍ തുടര്‍ന്നു.
ഇന്‍ഡോറിലെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള 559 ചേരിപ്രദേശങ്ങളില്‍ 35-ഓളം ചേരികളിലായി ജീവിക്കുന്ന ഏതാണ്ട് 10,000 ത്തോളം വരുന്ന ആളുകള്‍ക്കിടയിലാണ് 'ജന്‍ വികാസ്' സംഘം പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ‘ദൈവീക വചന’ സഭയിലെ ഫാദര്‍ ജോര്‍ജ് പായാട്ടിക്കാട്ട് മുഖാന്തിരമാണ് 'ജന്‍ വികാസ് പദ്ധതി' ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളില്‍ തിങ്ങിപാര്‍ക്കുന്ന ദരിദ്രരെ സേവിക്കുക എന്ന തന്റെ സഭയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ പ്രേഷിത പ്രവര്‍ത്തനം തുടങ്ങിയത്. അതിന് മുമ്പ് ‘ദൈവീക വചന’ സഭയിലെ പുരോഹിതന്മാര്‍ കൂടുതലായും ഗ്രാമീണ പ്രദേശങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
നഗരത്തിലെ ആക്രി പെറുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് തങ്ങളുടെ പഠനത്തില്‍ മനസ്സിലായതായി ഫാദര്‍ പായാട്ടികാട്ട് പറയുന്നു. അവര്‍ വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. “മാലിന്യം നീക്കം ചെയ്യുന്നതിലൂടെ സമൂഹത്തിന് വേണ്ടി മഹത്തായ കാര്യമാണ് അവര്‍ ചെയ്യുന്നതെങ്കിലും, അവരെ തൊട്ടുകൂടാത്തവരും, പുറന്തള്ളപ്പെട്ടവരുമായിട്ടാണ് സമൂഹം കണ്ടിരുന്നത്” പായാട്ടിക്കാട്ട് അച്ചന്‍ വളരെ ഖേദത്തോട് കൂടി ഓര്‍മ്മിക്കുന്നു.
ഇന്ത്യയേപോലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ക്കൊപ്പം പുരോഹിതര്‍ക്ക് ജോലി ചെയ്യുന്നതിന് പരിമിതികള്‍ ഉള്ളതിനാലാണ് 2002 മേയ് മാസം ഓഗസ്റ്റീനിയന്‍ സന്യാസിനിയും, ഒരു സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജൂലിയ തുണ്ടത്തിലിനെ വൈദികര്‍ സമീപിച്ചത്. പ്രദേശത്ത് എത്തിയ സിസ്റ്റര്‍ വൈദികരുടെ ദൗത്യത്തിന്റെ ഭാഗമായി മാറി. തങ്ങളുടെ ഇടയിലേക്ക് പുറത്തു നിന്നുള്ള വൈദികരും കന്യാസ്ത്രീകളും വരുന്നത് 'മതം മാറ്റുക' എന്ന ലക്ഷ്യത്തോടെയാണെന്ന് ഗ്രാമീണര്‍ കരുതിയിരുന്നു. ഇതിനാല്‍ തന്നെ ഗ്രാമീണര്‍ക്കു വേണ്ടി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതികളും അവര്‍ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിസ്റ്റര്‍ ജൂലിയ ധൈര്യപൂര്‍വ്വം അവിടെയ്ക്ക് കടന്നു ചെല്ലുകയും തന്റെ ദൗത്യം ഏറ്റെടുക്കുകയും ചെയ്തത്. അവരെ സ്വാധീനിക്കുവാനുള്ള തങ്ങളുടെ സാധാരണ രീതിയിലുള്ള സമീപനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, അവരില്‍ ഒരാളായി തീരുവാന്‍ സിസ്റ്റര്‍ ജൂലിയ തീരുമാനിച്ചു.
"ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ബുദ്ധിമുട്ട് നാം അറിയുന്നില്ല. ഞാന്‍ അവരെപോലെ ആയി മാറി. അവര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്തു. അവരെ പോലെ തെരുവു നായ്ക്കള്‍ എന്നേയും ആക്രമിച്ചു. പന്നികള്‍ കുത്തുവാന്‍ ഓടിച്ചു. എന്നിട്ടും ലക്ഷ്യത്തില്‍ നിന്നും ഞാന്‍ പിന്‍മാറിയില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തോളം ആക്രിപെറുക്കല്‍ കാരിയായി ഞാന്‍ ജോലി ചെയ്തു, മാലിന്യ കൂമ്പാരങ്ങളില്‍ പോവുകയും അവരോടൊപ്പം കര്‍മ്മനിരതയായി" GSR നോട് സിസ്റ്റര്‍ ജൂലിയ തുണ്ടത്തില്‍ തന്റെ ജീവിതാനുഭവം തുറന്ന്‍ പറഞ്ഞു.
പുലര്‍ച്ചെ ഏതാണ്ട് 4 മണിയോടു കൂടിയാണ് ആക്രിപെറുക്കുന്നവര്‍ പോകുന്നത്. ഉച്ചവരെ ആക്രി പെറുക്കിയതിനു ശേഷം അവ ആക്രിക്കടയില്‍ വില്‍ക്കുന്നതിനായി പോകും. “ഞാനും അവരില്‍ ഒരാളായികൊണ്ട് ഇതേ ശൈലി സ്വീകരിച്ചു” സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മാലിന്യകൂമ്പാരങ്ങളിലെ ദുര്‍ഗന്ധവും, അഴുക്കും എപ്രകാരമാണ് സഹിച്ചതെന്ന ജിഎസ്‌എസ് റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് “നമ്മള്‍ യേശുവിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ യാതൊരു ബുദ്ധിമുട്ടിനും നമ്മുടെ ലക്ഷ്യത്തില്‍ എത്തുന്നതില്‍ നിന്നും നമ്മെ തടയുവാന്‍ കഴിയുകയില്ല” എന്ന് മറുപടിയാണ് സിസ്റ്റര്‍ ജൂലിയ പങ്ക് വെച്ചത്.
"ഒരു ആക്രിക്കാരിയായിട്ടുള്ള ജീവിതം സ്ത്രീകളുടെ ജീവിതത്തെകുറിച്ചുള്ള അഗാധമായ ഉള്‍കാഴ്ച തനിക്ക് നല്‍കിയതായി സിസ്റ്റര്‍ ജൂലിയ പറയുന്നു. ഇവരുടെ ഭര്‍ത്താക്കന്‍മാരെല്ലാവരും തന്നെ മദ്യപാനികളാണെന്നതാണ് മുഖ്യ പ്രശ്നം, അവര്‍ ചിലപ്പോള്‍ ഇവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ ഭര്‍ത്താക്കന്‍മാര്‍ യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഭാര്യമാരുടെ ജീവിതത്തില്‍ അട്ടയെപ്പോലെ പറ്റിക്കൂടിയിരിക്കുന്നു. അവരുടെ കഥകള്‍ കേള്‍ക്കുക എന്നത് അത്യധികം അസ്വസ്ഥതയുളവാക്കുന്നതും വേദനാജനകവുമാണ്." സിസ്റ്റര്‍ ജൂലിയ വ്യസനത്തോടെ പറഞ്ഞു. സിസ്റ്റര്‍ ജൂലിയ അവരോടൊപ്പം ജോലി ആരംഭിക്കുന്ന സമയത്ത്, ശരാശരി 30 മുതല്‍ 50 രൂപ വരേയായിരുന്നു അവര്‍ക്ക് ശമ്പളമായി അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. മദ്യപിക്കുന്നതിനായി ഭര്‍ത്താക്കന്‍മാര്‍ ഭീഷണിപ്പെടുത്തി കൊണ്ട് ഈ തുകകരസ്ഥമാക്കാന്‍ ശ്രമിക്കുമായിരിന്നു. ഇതിനെല്ലാമുപരിയായി ആക്രികട ഉടമകള്‍ നിരക്ഷരരായ അവര്‍ക്ക് അര്‍ഹമായ പ്രതിഫലം കൊടുക്കാറില്ലായെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.
2004-ല്‍ സ്ത്രീകള്‍ക്കായി ഒരു സാമ്പത്തികമായ സ്വയം-സഹായ സംഘം രൂപീകരിക്കുവാന്‍ സിസ്റ്റര്‍ തുണ്ടത്തില്‍ മുന്‍കൈ എടുത്തു. ചേരികളില്‍ താമസിച്ചിരുന്ന വീട്ടുജോലിക്കാരും ആക്രിപെറുക്കുന്നവരുമായിരുന്നു അതിലെ അംഗങ്ങള്‍. ഗുണപരമായ മാറ്റങ്ങളിലൂടെ അവരുടെ ജീവിതത്തിന് ഒരു മൂല്യം കൈവരുത്തുവാനാണ് ജന്‍ വികാസ് പദ്ധതിയിലെ സന്യസ്ഥര്‍ ശ്രമിച്ചത്. "കന്യസ്ത്രീകളുടെ സഹായത്തോടെ, ഓരോ ഉപയോഗശൂന്യമായ വസ്തുവിന്റേയും വ്യാപാര മൂല്യമനുസരിച്ച് അവയെ വേര്‍തിരിക്കുവാന്‍ ഞങ്ങള്‍ അവരെ പഠിപ്പിച്ചു. ഇത് അവരുടെ വരുമാനം വര്‍ദ്ധിക്കുവാന്‍ കാരണമായി. ഏതാണ്ട് 16 തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉണ്ട്, അവയുടെ മൂല്യം കിലോക്ക് 2 രൂപ മുതല്‍ 20 രൂപവരെയാണ്" ഫാദര്‍ ജോര്‍ജ് പായാട്ടിക്കാട്ട് വിവരിച്ചു.
ധാംകേയെപോലുള്ള കഠിനാദ്ധ്വാനികളായ സ്ത്രീകള്‍ ഇപ്പോള്‍ ഒരു ദിവസം 300 രൂപയില്‍ കൂടുതല്‍ സമ്പാദിക്കുന്നു. ആ സൊസൈറ്റി തങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ അനുഗ്രഹമായിട്ടായിരുന്നു സ്ത്രീകള്‍ കണ്ടിരുന്നത്. അതിനായി അവര്‍ ഓരോദിവസവും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും 5 രൂപ വീതം നീക്കിവെക്കുന്നു. ഇത് അമിതമായ പലിശ ഈടാക്കുന്ന കൊള്ളപ്പലിശക്കാരെ ഒഴിവാക്കുവാന്‍ അവരെ സഹായിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ സൊസൈറ്റിയില്‍ നിന്നും പണം കടം വാങ്ങിക്കും. അതിന് വെറും ഒരുശതമാനം മാത്രമായിരുന്നു പലിശയായി സൊസൈറ്റി ഈടാക്കിയിരുന്നത്. ഈ നടപടികള്‍ ചേരി നിവാസികള്‍ക്ക് കത്തോലിക്കാ പുരോഹിതരോടും, കന്യാസ്ത്രീകളോടുമുള്ള ഭയവും സംശയവുമകറ്റി.
“ഞങ്ങള്‍ അവിടെ എത്തിയിരിക്കുന്നത് അവരുടെ ക്ഷേമത്തിനാണെന്നും അല്ലാതെ മതപരിവര്‍ത്തനത്തിനല്ലെന്നും അവര്‍ക്ക് മനസ്സിലായി” സിസ്റ്റര്‍ ജൂലിയ പറയുന്നു. സഹകരണ സൊസൈറ്റിയില്‍ നിന്നുള്ള വായ്പയും, മറ്റ് നിക്ഷേപങ്ങളും കൊണ്ട് തനിക്കൊരു ഭവനം പണിയുവാന്‍ സാധിച്ചുവെന്ന് സരിക ധാംകേ നന്ദിയോടെ ഓര്‍ക്കുന്നു. കച്ചവടക്കാരുടെ വഞ്ചിക്കല്‍ ഒഴിവാക്കുവാനായി സഭാ കേന്ദ്രം സ്ത്രീകള്‍ക്കായി രണ്ട് ആക്രിക്കടകള്‍ സ്ഥാപിച്ചു. പക്ഷേ ആക്രിവ്യാപരികളുടെ പരാതികള്‍ നിമിത്തം അവ അടച്ചുപൂട്ടേണ്ടതായി വന്നു. എന്നിരുന്നാലും സ്ത്രീകളെ പരിശീലിപ്പിക്കാനുള്ള തുടക്കം കുറിച്ചത് ആക്രിവ്യാപാരികളെ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നാലു മടങ്ങ് കൂലി നല്‍കുവാന്‍ അവരെ നിര്‍ബന്ധിതരാക്കി.
പോലീസിന്റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്തു നിന്നുമുള്ള അനാവശ്യമായ ഉപദ്രവങ്ങള്‍ ഒഴിവാക്കുവാനായി ആക്രിപെറുക്കുന്നവര്‍ക്ക് തിരിച്ചറിയാല്‍ കാര്‍ഡുകള്‍ നല്‍കുവാന്‍ സഭാ കേന്ദ്രം മുനിസിപ്പല്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി. നഗരത്തില്‍ ഒരു മോഷണം നടന്നാല്‍ പോലീസ് ആദ്യം സംശയിക്കുന്നത് ചേരി നിവാസികളെയായിരുന്നുവെന്ന് ജന്‍ വികാസ് സംഘടനയുടെ ഡയറക്ടറും, ദൈവീക വചന സഭാ പുരോഹിതനുമായിരുന്ന ഫാദര്‍ റോയി തോമസ് പറഞ്ഞു.
ആക്രി പെറുക്കുന്ന സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കിയതിനു ശേഷം, സഭാ കേന്ദ്രം അവര്‍ക്ക് ആരോഗ്യവും, ശുചിത്വവും പാലിക്കാനുള്ള പരിശീലനം നല്‍കുവാന്‍ തുടങ്ങുകയും, എച്ച്.ഐ.വി / എയിഡ്സ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ കളാസ്സുകള്‍ നടത്തുകയും ചെയ്തു. യുവജനങ്ങള്‍ക്കായി സഭാ കേന്ദ്രം ഇംഗ്ലീഷ് ഭാഷാ പഠന ക്ലാസ്സുകളും, പ്രാഥമിക കംപ്യൂട്ടര്‍ ക്ലാസ്സുകളും, തയ്യല്‍, തുന്നല്‍ തുടങ്ങി, മറ്റനവധി കോഴ്സുകളും ആരംഭിച്ചു.
2015-ല്‍ സഭാ കേന്ദ്രം തങ്ങളുടെ ശ്രദ്ധ നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരിലേക്ക് തിരിച്ചു. "മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് റോഡില്‍ നടന്ന് ആക്രി പെറുക്കുന്ന സ്ത്രീകളുമായി നേരിട്ട് യാതൊരു ബന്ധവുമില്ല, പക്ഷേ അവരുടെ ജോലി ഏതാണ്ട് ഒരുപോലെ തന്നെയാണ്" ഫാദര്‍ റോയി തോമസ് പറഞ്ഞു.
2011-ലെ ദേശീയ സെന്‍സസ് പ്രകാരം ഇന്‍ഡോറിലെ 114,000 ചേരികുടിലുകളിലായി ഏതാണ്ട് 590,000 ആളുകള്‍ താമസിക്കുന്നു. ഓരോദിവസവും ഏതാണ്ട് 700-ഓളം ടണ്‍ മാലിന്യം നഗരത്തില്‍ ഉണ്ടാകുന്നുണ്ട്; ഇവ ട്രക്കുകള്‍ വഴി നഗരപ്രാന്തങ്ങളിലുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ എത്തിക്കുന്നു. ‘ഔര്‍ ലേഡി ഓഫ് ദി ഗാര്‍ഡന്‍’ സഭയിലെ സന്യാസിനിയായ സിസ്റ്റര്‍ സുശീല ടോപ്പോ ഏതാണ്ട് ഒരു വര്‍ഷമായി ഇത്തരം സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇന്‍ഡോറില്‍ ഏതാണ്ട് 500 ഏക്കറോളം ഭൂമിയില്‍ ഇതുപോലെ മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുള്ളതായി ഫാദര്‍ റോയി തോമസും, സിസ്റ്റര്‍ സുശീല ടോപ്പോയും കണക്കാക്കുന്നു. ഇത്തരം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഒരാളാണ് വിധവയായ പിങ്കി ഗോസ്വാമി. അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം മൂന്ന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവള്‍ ഈ തൊഴില്‍ തിരഞ്ഞെടുത്തത്. ഇന്ന്‍ 25 വയസ്സുള്ള പിങ്കി ഗോസ്വാമി സന്തോഷവതിയാണ്. കാരണം, ഒരു മേലധികാരിയോടും സമാധാനം പറയാതെ കൂടുതല്‍ വരുമാനം നേടുവാന്‍ അവള്‍ക്കിപ്പോള്‍ കഴിയുന്നുണ്ട്. അവള്‍ വീട്ടുവേലക്കാണ് ആദ്യം പോയത്. “ഒരു മാസം വെറും 2000 രൂപ ശമ്പളവുമായി എന്റെ കുടുംബത്തെ പുലര്‍ത്തുവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ അവള്‍ ദിവസം ശരാശരി 500 രൂപയോളം സമ്പാദിക്കുന്നു" പിങ്കി ഗോസ്വാമിയുടെ വാക്കുകളാണിത്.
മറ്റൊരു തൊഴിലാളിയായ മായാ പ്രജാപതി പറയുന്നതിങ്ങനെ, തന്നെപോലെയുള്ള വിധവകള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായി തോന്നുന്നു. ഞങ്ങള്‍ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള കൂലി ഞങ്ങള്‍ക്ക് കിട്ടുന്നു. ഏത് സമയത്തും, എല്ലാക്കാലങ്ങളിലും ഞങ്ങള്‍ക്ക് ജോലിയുണ്ട്.”
സിസ്റ്റര്‍ സുശീല ടോപ്പോയുടെ പലപ്പോഴും തങ്ങളെ സന്ദര്‍ശിക്കുകയും വളരെ സ്നേഹത്തോട് കൂടി ഞങ്ങളെ പരിചരിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്തുത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കിരണ്‍ ഗഡ്വാള്‍ പറയുന്നു. “ജനങ്ങള്‍ എപ്പോഴും തങ്ങളെ അവജ്ഞയോട് കൂടി മാത്രമാണ് ഞങ്ങളെ കണ്ടിരുന്നത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ആരും വരുവാനിഷ്ടപ്പെടുന്നില്ല. അവിടം വൃത്തിഹീനവും അറപ്പുളവാക്കുന്നതുമാണ്. എന്നാല്‍ സിസ്റ്റര്‍ ഞങ്ങളെ സന്ദര്‍ശിക്കുകയും വളരെ സ്നേഹത്തോടും, ഊഷ്മളതയോടും കൂടി ഞങ്ങളോട് ഇടപഴകുകയും ചെയ്യുന്നു.” അഞ്ചു കുട്ടികളുടെ അമ്മ കൂടിയായ കിരണ്‍ ഗഡ്വാള്‍ പറയുന്നു.
‘ജന്‍ വികാസ്’ പദ്ധതിയില്‍ ചേരുന്നതിനു മുന്‍പ് മാലിന്യങ്ങള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് യാതൊരറിവുമില്ലാത്ത പ്രാകൃതമായ ജീവിതമായിരുന്നു തങ്ങള്‍ നയിച്ചിരുന്നതെന്ന് മറ്റൊരു തൊഴിലാളിയായ കൗസല്യ ഭകാവാല പറയുന്നു. തങ്ങളെ അടിച്ചമര്‍ത്തുവാന്‍ വരുന്നവരെ നേരിടുവാനുള്ള ധൈര്യം സഭാ കേന്ദ്രവുമായുള്ള ബന്ധം വഴി തങ്ങള്‍ക്ക് കിട്ടിയെന്ന് കൗസല്യ ഭകാവാല എന്ന 46 വയസ്സുകാരി തുറന്ന്‍ ജിഎസ്‌ആര്‍ റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ തുറന്ന്‍ സമ്മതിച്ചു.