News - 2025

താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ നിലവിലെ അവസ്ഥ പരിതാപകരം

പ്രവാചകശബ്ദം 08-04-2022 - Friday

കാബൂള്‍: അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തേത്തുടര്‍ന്ന്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഒബെദ് എന്ന ക്രൈസ്തവ വിശ്വാസി നല്‍കിയ വിവരണം രാജ്യത്തെ ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ചയാകുന്നു. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന “വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്” എന്ന കനേഡിയന്‍ സംഘടനക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബെദ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയത്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാനിസ്ഥാന്‍ പട്ടിണിയിലായികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഒബെദ്, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം ജനങ്ങള്‍ക്കും (2.3 കോടി) മാനുഷിക സഹായം ആവശ്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഇരുപത് വര്‍ഷക്കാലം നീണ്ട മുന്‍യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുമോ എന്ന ഭയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുണ്ടെന്നു ഒബെദ് പറയുന്നു.

ഒരുപാട് ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നിന്നും വടക്കേ ഭാഗത്തേക്ക് പലായനം ചെയ്ത നിരവധി ക്രിസ്ത്യാനികളെ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. താലിബാനെ ഭയന്ന്‍ രഹസ്യമായിട്ടാണ്‌ അഫ്ഗാന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ കഴിഞ്ഞുവരുന്നത്. “അഫ്ഗാന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ കാര്യമാണ്. ഞങ്ങള്‍ മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്നവരാണ്, കുഴപ്പമില്ല. യേശു ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” - ഒബെദ് പറയുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാന്‍ വിടണമെന്നാണ് ദൈവത്തിന്റെ ആഗ്രഹമെങ്കില്‍ അതിനൊരു വഴിയും ദൈവം കണ്ടെത്തിയിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

More Archives >>

Page 1 of 751