News - 2025
വിശുദ്ധ നാട്ടിലെ അക്രമ സംഭവങ്ങളെ അപലപിച്ച് ജെറുസലേമിലെ ക്രിസ്തീയ നേതൃത്വം
പ്രവാചകശബ്ദം 05-04-2022 - Tuesday
ജെറുസലേം: വിശുദ്ധ നാട്ടിൽ പലയിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ജീവൻ പൊലിയുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേര്‍ന്നു ജെറുസലേമിലെ ക്രിസ്തീയ നേതൃത്വം. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വിശുദ്ധ നാട്ടിൽ വിവിധയിടങ്ങളിലായി പന്ത്രണ്ടിലേറെപ്പേരുടെ ജീവനെടുക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ജെറുസലേമിലെ ക്രിസ്തീയ സഭകളുടെ പാത്രിയാർക്കീസുമാരും സഭാതലവന്മാരും സംയുക്ത പ്രസ്താവന പുറത്തുവിട്ടത്. മനുഷ്യവ്യക്തികൾക്കു നേർക്കുള്ള എല്ലാത്തരം ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും ആക്രമണങ്ങൾക്കിരകളായവരുടെ കുടുംബങ്ങളോടു തങ്ങളുടെ അനുശോചനം അറിയിക്കുകയും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്തീയ നേതൃത്വം പ്രസ്താവിച്ചു.
പവിത്രമായ ഈ വരുന്ന ആഴ്‌ചകളിൽ, സമാധാനത്തിന്റെ നഗരമായ ജെറുസലേം സമാധാനത്തിന്റെ പാതയിൽ നടക്കാൻ എല്ലാ ആളുകളെയും ക്ഷണിക്കുകയാണെന്നും ലോകത്തിന്റെ സമാധാനത്തിന്റെ യഥാർത്ഥ സാക്ഷികളാകാൻ നമുക്ക് കഴിയുമെന്നും ക്രിസ്തീയ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. ബലപ്രയോഗത്തിന് കടിഞ്ഞാണിടാനും സംഘർഷങ്ങൾ കുറയ്ക്കാനും സർക്കാര്‍ അധികാരികളോട് സഭാതലവന്മാർ അഭ്യർത്ഥിച്ചു. സമാധാന നഗരമായ ജറുസലേമിൻറെ സമാധാന പാതയിയിൽ ചരിക്കാൻ ഇവര്‍ ആഹ്വാനം ചെയ്തു. യഹൂദ മൗലികവാദി സംഘടനകളുടെ ആക്രമണ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.